കൊച്ചിയില്‍ വെച്ച് ആക്രമിക്കപ്പെട്ട പ്രമുഖ നടിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മഞ്ജു വാര്യര്‍. കേസിന്റെ തുടക്കം മുതല്‍ നടിക്കൊപ്പം മഞ്ജു വാര്യര്‍ ഉറച്ച് നില്‍ക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ മറൈന്‍ ഡ്രൈവില്‍ സിനിമാക്കാര് ഒത്തുകൂടിയ പരിപാടിയില്‍ വെച്ച് മഞ്ജു പറഞ്ഞ വാക്കുകള്‍ ആണ് ഈ സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്നുളള സൂചനയിലേക്ക് വെളിച്ചം വീശിയത്.
കേസിലെ എട്ടാം പ്രതിയായ ദിലീപും മഞ്ജു വാര്യരും തമ്മിലുളള വിവാഹ ബന്ധം തകരാന്‍ നടി കാരണമായതിലുളള വൈരാഗ്യമാണ് പള്‍സര്‍ സുനിക്കും സംഘത്തിനും പീഡന കൊട്ടേഷന്‍ കൊടുത്തതിന് പിന്നിലെന്നാണ് കേസ്.
ഓപറേഷിനല്‍ പള്‍സര്‍ സുനി പറയുന്നതും ഇത് തന്നെയാണ്. അതിനിടെ മഞ്ജു വാര്യരും സംവിധായകന് ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് ദിലീപിനെ ഈ കേസില്‍ കുടുക്കിയതാണ് എന്നുളള ആരോപണങ്ങളും ഉയര്‍ന്നു.മഞ്ജുവോ ശ്രീകുമാര്‍ മേനോനോ ഇതിന് പിന്നില്‍ ഇല്ലെന്ന് പള്‍സര്‍ സുനി പറയുന്നു.
മഞ്ജുവിനെ കണ്ടാലറിയാം, ശ്രീകുമാര്‍ മേനോനുമായി ബന്ധം ഇല്ലെന്നും സുനി പറയുന്നു. മഞ്ജുവിന് ഇതില്‍ റോളുണ്ടോ എന്നുളളചോദ്യത്തിന് പള്‍സര്‍ സുനി നല്കുന്ന മറുപടി ഇങ്ങനെ, ”മഞ്ജുവിന് ഇതിനകത്ത് എങ്ങനെ റോള്‍ വരാനാണ്. ആ പാവത്തിനെ പിടിച്ച് വലിച്ചിട്ടതല്ലേ. ഇവര്‍ക്ക് എതിരെയുളളവരെയൊക്കെ ഇതിലേക്ക് കൊണ്ട് വന്നതാണ്.
മഞ്ജുവിന് ഇഷ്ടമില്ലാത്ത ഒരാളാണെങ്കില്‍ അയാളെ കുടുക്കിയതാണ് എന്ന് പറയുക”. അങ്ങനെ ഉളള രീതിയില്‍ വലിച്ചിട്ടതാണെന്നും പള്‍സര്‍ സുനി പറയുന്നു.ദിലീപ് തന്നെ ചതിച്ചുവെന്നും പള്‍സര്‍ സുനി പറയുന്നു. ഈ നിമിഷം വരെ ദിലീപിനെതിരെ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഇനിയും ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞാല്‍ വേറെ ചിലര്‍ക്ക് കൂടി ഉത്തരം പറയേണ്ടി വരുമെന്നും പള്‍സര്‍ സുനി പറയുന്നു.
നടിയെ ആക്രമിക്കാന്‍ ഒന്നരക്കോടിയുടെ കൊട്ടേഷന്‍ ആണ് ദിലീപ് നല്‍കിയത് എന്നാണ് പള്‍സര്‍ സുനി പറയുന്നത്. മുഴുവന്‍ പണവും ഇതുവരെ കിട്ടിയിട്ടില്ലെന്നും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറയുന്നു. കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും പള്‍സര്‍ സുനി പറയുന്നു.മാത്രമല്ല മെമ്മറി കാര്‍ഡിലുളള പീഡനദൃശ്യങ്ങള്‍ അഞ്ച് പേരെങ്കിലും കണ്ടിട്ടുണ്ടെന്നും പള്‍സര്‍ സുനി പറഞ്ഞു. പേടിച്ചിട്ട് പലരും പുറത്ത് പറയാത്തതാണ് എന്നും സുനി പറഞ്ഞു.
ജയിലില്‍ കഴിയവേ തനിക്ക് മര്‍ദ്ദനം നേരിട്ടുവെന്നും പള്‍സര്‍ സുനി പറഞ്ഞു. തൃശൂരിലെ വിയ്യൂര്‍ ജയിലില്‍ വെച്ച് തന്നെ അടിച്ച് നശിപ്പിച്ചു. അതിന് ശേഷമാണ് ദിലീപിന് കത്തെഴുതിയത്. സ്വന്തം കൈപ്പടയിലെഴുതി അമ്മയ്ക്ക് കൈമാറിയ കത്താണെന്ന് സുനി സമ്മതിക്കുന്നു. ആ കത്ത് അയച്ചത് ഒരു മുന്നറിയിപ്പ് ആയിരുന്നുവെന്നും അതിന് ശേഷം ജയിലില്‍ വെച്ച് ആക്രമണം ഉണ്ടായിട്ടില്ലെന്നും പള്‍സര്‍ സുനി പറഞ്ഞു