മാസപ്പടി കേസില്‍ വീണാ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. ഇതിനായി എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇഡി അപേക്ഷ നല്‍കി. എസ്എഫ്ഐഒ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച തെളിവുകളും അനുബന്ധ രേഖകളും നല്‍കണം.
നേരത്തെ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു.മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയടക്കം എട്ട് വ്യക്തികളും അഞ്ച് സ്ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിലുള്ളത്.
2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു.ഒരു വര്‍ഷം മുന്‍പ് എസ്എഫ്ഐഒ– സിഎംആര്‍എല്‍ ദുരൂഹയിടപാടില്‍ ഇഡി കേസെടുത്തെങ്കിലും കുറ്റകൃത്യം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു.
സിഎംആര്‍എല്‍ എംഡി, ജീവനക്കാര്‍ അടക്കമുള്ളവരെ ആദ്യഘട്ടത്തില്‍ ഇഡി ചോദ്യം ചെയ്തിരുന്നു. യാതൊരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും എക്സാലോജിക് കമ്പനിയും സിഎംആർഎലിൽ നിന്ന് രണ്ട് കോടി 70 ലക്ഷം രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ.