വത്തിക്കാന്‍: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങിയതോടെ വത്തിക്കാനില്‍ വലിയ ഇടയന്റെ പദവി ഒഴിഞ്ഞ താല്‍ക്കാലിക ഇടവേളയുടെ കാലമാണ്. പുതിയ തലവനെ തിരഞ്ഞെടുക്കുന്നത് വരെയുള്ള ഇടവേള. വത്തിക്കാന്റെ അഡ്മിനിസ്‌ട്രേറ്ററായ കാമര്‍ലെംഗോ ആദ്യം പോപ്പിന്റെ മരണം സ്ഥിരീകരിക്കുകയാണ് ചെയ്യുക.
തുടര്‍ന്ന് പോപ്പിന്റെ സ്വകാര്യ ഓഫീസും അപ്പാര്‍ട്ട്മെന്റും അടച്ചു പൂട്ടി സീല്‍ ചെയ്യുകയും അദ്ദേഹത്തിന്റെ വിരലില്‍ നിന്നും പേപ്പല്‍ ഫിഷര്‍മാന്‍സ് മോതിരം ഊരിയെടുത്ത് അത് ഒരു ചുറ്റിക ഉപയോഗിച്ച് തല്ലി പൊട്ടിക്കുകയും ചെയ്യും.
തുടര്‍ന്ന് ചുവന്ന വസ്ത്രം ധരിപ്പിച്ച ഭൗതികശരീരം സെയിന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടു പോകും. മൂന്ന് ദിവസം ഭൗതിക ശരീരം അവിടെയായിരിക്കും.
ഇതിനു മുന്‍പ് ഉണ്ടായിരുന്ന മാര്‍പ്പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് സെയിന്റ് പീറ്റേഴ്‌സില്‍ ആണെങ്കിലും, തന്നെ അടക്കുന്നത് റോമിലെ എസ്‌ക്യുലിനോയിലെ സാന്റാ മറിയ മഗ്ഗോയിര്‍ ബസലിക്കയില്‍ ആയിരിക്കണമെന്ന് 2023 ല്‍ പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരുന്നു
പുതിയ പോപ്പിന്റെ തിരഞ്ഞെടുപ്പ്
പോപ്പ് കാലം ചെയ്ത ശേഷം 15-20 ദിവസത്തിനുള്ളിലാണ് അടുത്ത പോപ്പിനെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങുക. 80 വയസില്‍ താഴെയുള്ള കര്‍ദ്ദിനാള്‍മാരാണ് അതീവ രഹസ്യമായുള്ള ഈ പ്രക്രിയയില്‍ പങ്കെടുക്കുക. ഇവര്‍ സിസ്റ്റൈന്‍ ചാപ്പലില്‍ പുറംലോകവുമായി ബന്ധമില്ലാതെയാണ് ഈ കാലയളവില്‍ കഴിയുക.
120 കര്‍ദ്ദിനാള്‍മാരാണ് അടച്ചിട്ട മുറിയില്‍ പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള കൂടിയാലോചനകളില്‍ മുഴുകുക. സെന്റ് മാര്‍ത്ത ഹൗസ് എന്നറിയപ്പെടുന്ന ഗസ്റ്റ് ഹൗസിലാണ് കര്‍ദ്ദിനാള്‍മാര്‍ കഴിയുക. അവിടെ സഹായത്തിന് പരിചാരകരുംപാചകക്കാരും, സര്‍ജന്‍ അടക്കം രണ്ട് ഡോക്ടര്‍മാരും ഉണ്ടാകും.
സെന്റ് മാര്‍ത്ത ഹൗസില്‍ നിന്ന് കര്‍ദ്ദിനാള്‍മാര്‍ എല്ലാ ദിവസവും പോപ്പിന്റെ കൊട്ടാരത്തിലേക്കോ വോട്ടിങ് നടക്കുന്ന സിസ്‌റ്റൈന്‍ ചാപ്പലിലേക്കോ പോകും. പത്രപാരായണമോ, റേഡിയോ കേള്‍ക്കലോ, ടെലിവിഷന്‍ കാണലോ ഇന്റര്‍നെറ്റ് തിരയലോ അനുവദനീയമല്ല. പുറംലോകത്ത് നിന്ന് ഒരുസന്ദേശവും സ്വീകരിച്ച് കൂടാ.