ഗൂഗിളിന്റെ വിപണിയിലെ കുത്തക അവസാനിപ്പിക്കാനുള്ള ഏറ്റവും മികച്ച മാർഗം കമ്പനിയെ വിഭജിക്കുകയാണെന്ന് യുഎസ് നീതിന്യായ വകുപ്പ്.ഓഗസ്റ്റിൽ കോടതി വിധി വന്നതിന് പിന്നാലെ നീതിന്യായ വകുപ്പ് ഗൂഗിളിനെ വിഭജിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു.
ഈ വർഷം വേനൽക്കാലത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമാകുമെന്നാണ് കരുതുന്നത്.ക്രോം വെബ് ബ്രൗസർ വിൽക്കാൻ ഗൂഗിളിനെ കോടതി നിർബന്ധിക്കണമെന്ന ആവശ്യമുയർത്തിയാണ് സർക്കാർ തിങ്കളാഴ്ച വാദം ആരംഭിച്ചത്. ബ്രൗസർ വിപണിയിൽ മത്സരം പുനരാരംഭിക്കാൻ കോടതി ആഗ്രഹിക്കുന്നുവെങ്കിൽ ഗൂഗിളിന്റെ എതിരാളികളെ സഹായിക്കണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു.
സാംസങ് പോലുള്ള സ്ഥാപനങ്ങളുമായി ഗൂഗിൾ ഏർപ്പെട്ടിരിക്കുന്ന കരാറുകൾ കോടതി പരിശോധിക്കണമെന്നും, കമ്പനിക്കെതിരായി സർക്കാർ നൽകിയ കേസിന്റെ ഹൃദയഭാഗം അതാണെന്നും സർക്കാർ അഭിഭാഷകർ കോടതിയിൽ പറഞ്ഞു.സെർച്ച് എഞ്ചിൻ മാത്രമല്ല, ഗൂഗിളിന്റെ പരസ്യ വിതരണം, പ്ലേ സ്റ്റോർ എന്നിവയുമായി ബന്ധപ്പെട്ടും യുഎസിലും ആഗോള തലത്തിലും കേസുകൾ നടക്കുന്നുണ്ട്.
ഈ കേസുകളിൽ മിക്കതിലും ഗൂഗിളിന് എതിരായാണ് കോടതി വിധികൾ വന്നിട്ടുള്ളത്.