ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഒമ്പത് മത്സരം കളിച്ചപ്പോള്‍ ഏഴിലും ടീം തോറ്റിരിക്കുകയാണ്.
രാജസ്ഥാന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്ന് പറയാം. ടീമിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും പ്രതീക്ഷിച്ച നിലവാരം കാട്ടാതെ തോറ്റ് തുന്നം പാടുകയാണ്. രാജസ്ഥാന്റെ തുടര്‍ തോല്‍വികള്‍ ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്.രാഹുല്‍ ദ്രാവിഡ് മുഖ്യ പരിശീലകനായി തിരിച്ചെത്തിയതിന് ശേഷമാണ് രാജസ്ഥാന്‍ ഇത്തരത്തില്‍ താഴോട്ട് പോയിരിക്കുന്നതെന്ന് പറയാം.
ടീമിന്റെ ആകെ പ്രകടനം നിരാശപ്പെടുത്തുകയാണ്. നായകനും സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ പരിക്കിന്റെ പിടിയിലാണെന്നും എടുത്തു പറയേണ്ട കാര്യമാണ്. സഞ്ജു എപ്പോള്‍ തിരിച്ചെത്തുമെന്ന് പറയാനാവാത്ത അവസ്ഥയാണെന്നാണ് രാഹുല്‍ ദ്രാവിഡ് തന്നെ വ്യക്തമാക്കിയത്.
ഇപ്പോഴിതാ രാജസ്ഥാന്റെ തുടര്‍ തോല്‍വികള്‍ക്ക് പിന്നാലെ സഞ്ജു സാംസണിന്റെ പരിക്കില്‍ സംശയം ഉയര്‍ത്തുകയാണ് ആരാധകര്‍. സഞ്ജു ഫിറ്റ്‌നസ് പ്രശ്‌നങ്ങളെത്തുടര്‍ന്നല്ല മനപ്പൂര്‍വ്വം മാറി നില്‍ക്കുകയാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. അതിന്റെ കാരണമായി ടീമിനെതിരേ ഉയരുന്ന ഒത്തുകളി ആരോപണമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.