ദില്ലി:ഐപിഎല്ലില്‍ ദില്ലി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ആധികാരിക ജയം നേടിയശേഷം കെ എല്‍ രാഹുലിന് മുന്നില്‍ വട്ടം വരച്ച് കാന്താര സെലിബ്രേഷന്‍ അനുകരിച്ച് വിരാട് കോലി. മത്സരം ഫിനിഷ് ചെയ്തശേഷം കോലിയില്‍ നിന്ന് കാന്താര സെലിബ്രേഷനുണ്ടാകുമെന്ന് കരുതിയവരെ നിരാശരാക്കി വിജയത്തിന് 20 റണ്‍സകലെ കോലി വീണിരുന്നു.

കോലി പിന്നീട് ദില്ലി താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കിയശേഷമായിരുന്നു രാഹുലിന് അടുത്തെത്തി വട്ടം വരച്ച് ചിന്നസ്വാമിയില്‍ രാഹുൽ നടത്തിയ കാന്താര സെലിബ്രേഷനെ കളിയാക്കിയത്.

രാഹുലിനെ കളിയാക്കിയശേഷം ആലിംഗനം ചെയ്ത് സൗഹൃദ സംഭാഷണം നടത്തിയശേഷമാണ് കോലി മടങ്ങിയത്.ഏപ്രില്‍ ഒന്നിന് നടന്ന എവേ മത്സരത്തില്‍ ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയെ വീഴ്ത്തി വിജയ റണ്‍ നേടിയ ശേഷമായിരുന്നു ഡല്‍ഹി താരം കെ എല്‍ രാഹുല്‍ നെഞ്ചിലിടിച്ച് ഒരു വട്ടം വരച്ച് കാന്താരയില്‍ നായകനായ റിഷഭ് ഷെട്ടി ചെയ്യുന്നതുപോലെ ബാറ്റ് നിലത്തു കുത്തി ഇത് തന്‍റെ ഗ്രൗണ്ടാണെന്ന് പറഞ്ഞ് ആഘോഷിച്ചിരുന്നു.

ചിന്നസ്വാമിയില്‍ രാഹുല്‍ പുറത്തെടുത്ത ആവേശപ്രകടനത്തിനുള്ള മറുപടി ഇന്നലെ തന്‍റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വിരാട് കോലി നല്‍കുമെന്ന് അവസാനം വരെ ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ക്രുനാല്‍ പാണ്ഡ്യക്ക് പിന്തുണ നല്‍കി ബാറ്റ് ചെയ്ത വിരാട് കോലി തുടക്കത്തില്‍ 26-3 എന്ന സ്കോറില്‍ പതറിയ ആര്‍സിബിക്ക് വിജയപ്രതീക്ഷ നല്‍കി. ഒടുവില്‍ ആര്‍സിബി വിജയം ഉറപ്പിച്ചശേഷമാണ് കോലി 47 പന്തില്‍ 51 റണ്‍സുമായി മടങ്ങിയത്. അര്‍ധസെഞ്ചുറി നേടിയതോടെ ഐപിഎല്‍ റണ്‍വേട്ടയില്‍ ഒന്നാമതെത്താനും കോലിക്കായി.

Leave a Reply

Your email address will not be published. Required fields are marked *