ലോകത്തെ പിടിച്ചുലച്ച കോവിഡ് മഹാമാരിക്കാലം പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. ലോകരാജ്യങ്ങള്‍ സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങിയ കാലം. കോവിഡിന്‍റെ ഉത്ഭവം സംബന്ധിച്ചുള്ള ചര്‍ച്ചകളും ഗവേഷണങ്ങളും ഇന്നും തകൃതിയായി നടക്കുന്നുണ്ട്. പലപ്പോളായിട്ട് എല്ലാവരും വിരല്‍ ചൂണ്ടിയത് ചൈനയിലേക്കായിരുന്നു.
എന്നാല്‍ ആ കഥയിലാണ് വീണ്ടും ട്വിസ്റ്റ്. തങ്ങളുടെ പുതുക്കിയ വെബ്സൈറ്റില്‍ കോവിഡിന്‍റെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന് യുഎസ് ചേര്‍ത്തതിന് പിന്നാലെ കോവിഡ് ഉത്ഭവിച്ചത് യുഎസിലാണെന്ന് ആരോപിക്കുക മാത്രമല്ല, തെളിവുണ്ടെന്നുമാണ് ചൈനയുടെ വാദിക്കുന്നത്.
ഇതോടെവിഷയത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ് ചൈന.കോവിഡ് -19 അമേരിക്കയിൽ ഉത്ഭവിച്ചതാണെന്നാണ് ചൈനയുടെ വാദം. കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിഷയം അമേരിക്ക രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ചൈന പറയുന്നു.
ചൈനയില്‍ കോവിഡ് ബാധ സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ അമേരിക്കയിൽ കോവിഡ് -19 ഉത്ഭവിച്ചതായി ചൈന പറയുന്നു.
കോവിഡിന്‍റെ ഉത്ഭവം ലാബ് ചോർച്ചമൂലമാണെന്നതിന് സാധ്യതയില്ല എന്ന ലോകാരോഗ്യ സംഘടനയും ചൈനയും നടത്തിയ സംയുക്ത പഠനത്തിന്‍റെ റിപ്പോര്‍ട്ടിനേയും പ്രസ്താവനയില്‍ ഉദ്ധരിക്കുന്നുണ്ട്.അമേരിക്ക ‘ബധിരനും മൂകനുമായി അഭിനയിക്കുന്നത്’ തുടരരുതെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾക്ക് മറുപടി നൽകണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡിന്‍റെ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങളുടെ അടുത്ത ഘട്ടം യുഎസിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞതായി സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. യുഎസിലെ ആദ്യകാല കോവിഡ് കേസുകൾ അന്വേഷിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ചൈന ആവശ്യപ്പെടുന്നു.