ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് കനത്തപ്രഹരമേൽപ്പിച്ചതിന് പിന്നാലെ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാഴാഴ്ച 11 മണിക്കാണ് യോഗം.
ഇതര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി.
ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, സിക്കിം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഡിജിപി, കാബിനറ്റ് സെക്രട്ടറിമാർ അടക്കമുള്ളവരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്.
അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഓൺലൈൻവഴി ഉന്നതതല യോഗം ചേർന്നത്.ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി.
രാഷ്ട്രപതിഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാകിസ്താന് തിരിച്ചടി നൽകിയത്.