ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം ഇന്നലെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ പിഎസ്‌എല്ലില്‍ നിന്ന് വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍ എന്നിവരാണ് നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം ഫ്രാഞ്ചൈസിയെ അറിയിച്ചതെന്ന് എന്‍ഡിടി റിപ്പോര്‍ട്ട് ചെയ്തു.

ഇവരെ കൂടാതെ സാം ബില്ലിംഗ്‌സും ടോം കറനും ജയിംസ് വിന്‍സും ടോം കോഹ്‌ലര്‍-കോണ്‍മോറും, ലൂക്ക് വുഡുമാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന മറ്റ് ഇംഗ്ലീഷ് താരങ്ങള്‍. അതേസമയം, താരങ്ങളുടെ സുരക്ഷാ ആശങ്കകള്‍ക്കിടയിലും പിഎസ്എല്‍ മത്സരങ്ങള്‍ പാകിസ്ഥാനില്‍ തന്നെ നടത്തുമെന്ന നിലപാടിലാണ് പാക് ക്രിക്കറ്റ് ബോര്‍ഡ്.

പിഎസ്എല്ലില്‍ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങളുമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും, പ്രൊഫഷണല്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും നിരന്തരം സംസാരിക്കുന്നുണ്ട്.

താരങ്ങളോട് ഇതുവരെ പാകിസ്ഥാന്‍ വിടാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെങ്കിലും യുകെ സര്‍ക്കാരിന്‍റെ യാത്രാ നിര്‍ദേശങ്ങള്‍ പുറത്തുവന്നാല്‍ ഇതില്‍ മാറ്റമുണ്ടാകും. നിലവിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിദേശ ക്രിക്കറ്റര്‍മാര്‍ പിന്മാറിയാല്‍ അത് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിവെക്കുന്നതിലേക്കോ വേദി പൂര്‍ണമായും വിദേശത്തേക്ക് മാറ്റുന്നതിലേക്കോ കാര്യങ്ങള്‍ എത്തിക്കും.

എന്നാല്‍ ഇതില്‍ വേദിമാറ്റം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സംബന്ധിച്ച് അത്ര പ്രായോഗികമല്ല.ഇന്നലെ പുലര്‍ച്ചെ പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര താവളങ്ങളിലാണ് ഇന്ത്യന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്.

ഇവയില്‍ നാല് ഭീകര പരിശീലന കേന്ദ്രങ്ങള്‍ പാകിസ്ഥാനിലും അഞ്ചെണ്ണം പാക് അധീന കശ്‌മീരിലുമായിരുന്നു. മൂന്ന് ഇന്ത്യന്‍ സേനാവിഭാഗങ്ങളും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പാക് ഭീകര്‍ കൊല്ലപ്പെട്ടു. ഭീകരുടെ പരിശീലന കേന്ദ്രങ്ങള്‍ അപ്പാടെ തകര്‍ന്നുതരിപ്പിണമായി. ജയ്ഷെ, ലഷ്കർ, ഹിസ്‌ബുള്‍ താവളങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം എന്ന് സൈന്യം വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *