ന്യൂഡൽഹി: പാകിസ്താൻ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തതോടെ ലാഹോർ വിടാൻ പൗരൻമാർക്ക് നിർദേശം നൽകി യു.എസ്. എംബസി. ലാഹോറിലെ സംഘർഷ സാധ്യത കണക്കിലെടുത്താണ് പൗരൻമാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനും ഉടൻ ലാഹോർ വിടുന്നതിനും അമേരിക്ക നിർദേശം നൽകി.
എല്ലാ കോൺസുലേറ്റ് ഉദ്യോഗസ്ഥരോടും സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടാൻ ലാഹോറിലെ യു.എസ്. കോൺസുലേറ്റ് ജനറൽ നിർദ്ദേശിച്ചിട്ടുണ്ട്.
ലാഹോറിലെ പ്രധാന വിമാനത്താവളത്തിന് സമീപമുള്ള ചില പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രാഥമിക റിപ്പോർട്ടുകൾ ലഭിച്ചതായും കോൺസുലേറ്റ് വ്യക്തമാക്കി.
പാകിസ്താൻ ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് ഇന്ത്യ തിരിച്ചടിച്ചത്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി സംഘർഷം വലുതാക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷേ, പാകിസ്താൻ ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. ഇന്ത്യയിലെ സൈനിക ലക്ഷ്യങ്ങൾക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തിനും തക്കതായ മറുപടി നൽകുമെന്ന് ഇന്ത്യ ആവർത്തിച്ചു.