പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യൻ നാവികസേന പൂർണ്ണമായും സജ്ജമാണെന്നും ശത്രുവിന് കൃത്യമായ സന്ദേശം നൽകിയിട്ടുണ്ടെന്നും വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് അറിയിച്ചു. കറാച്ചി ആക്രമിക്കാൻ നാവികസേന തയ്യാറായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നാവികസേനയുടെ ശക്തമായ സാന്നിധ്യം പാക്കിസ്ഥാനെ ചർച്ചയ്ക്ക് നിർബന്ധിതരാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വെടിനിർത്തലിനുള്ള അഭ്യർത്ഥന ആദ്യം മുന്നോട്ട് വെച്ചത് പാക്കിസ്ഥാനാണ്. എന്നാൽ, രാത്രിയിലും പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിന് മേൽ കടന്നുകയറാൻ അനുവദിക്കില്ലെന്നും നാളെ പാക് ഡിജിഎംഒയുമായി ചർച്ച നടത്തുമെന്നും ഇന്ത്യൻ സൈന്യം അറിയിച്ചു.ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ 35നും 40നും ഇടയിൽ പാക് സൈനികർ കൊല്ലപ്പെട്ടതായി ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് അറിയിച്ചു. ഇന്ത്യൻ സൈന്യം പാക്കിസ്ഥാന്റെ പോർവിമാനങ്ങൾ വീഴ്ത്തി.
എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പാക്കിസ്ഥാന്റെ ചക്ലോല, റഫീഖ്, റഹിം യാർ ഖാൻ എന്നീ വ്യോമതാവളങ്ങളും സർഗോധ, ഭുലാരി, ജേക്കബാബാദ് സൈനിക താവളങ്ങളും ഇന്ത്യൻ സൈന്യം ആക്രമിച്ചു.ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടത് ഭീകരകേന്ദ്രങ്ങളെ മാത്രമാണെന്ന് ഡിജിഎംഒ വ്യക്തമാക്കി.
ഇന്ത്യന്‍ ഭീഷണി മൂലം ചില ഭീകരകേന്ദ്രങ്ങളിൽ നിന്ന് ഭീകരർ ഒഴിഞ്ഞുപോയെന്നും സാധാരണ ജനങ്ങൾക്ക് യാതൊരു അപായവും ഉണ്ടാകാതെ അതീവ ജാഗ്രതയോടെയാണ് സൈന്യം മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ തിരിച്ചടി നിയന്ത്രിതവും കൃത്യതയുള്ളതുമായിരുന്നുവെന്നും ഡിജിഎംഒ വ്യക്തമാക്കി.