ദില്ലി: പാകിസ്ഥാന്റെ പിന്തുണയോടെയുള്ള തീവ്രവാദത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടാൻ കൂടുതൽ നടപടികളുമായി ഇന്ത്യ. വിവിധ രാജ്യങ്ങളിലേക്ക് എംപിമാരുടെ സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
26 വിനോദ സഞ്ചാരികളെ മതം ചോദിച്ച് കൊലപ്പെടുത്തിയ പഹൽഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം, ഓപ്പറേഷൻ സിന്ദൂർ എന്നിവ വിശദീകരിക്കും.
വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികൾ അടങ്ങുന്നതാകും സംഘം. കശ്മീർ വിഷയത്തിലെ നിലപാടും ഇന്ത്യൻ സംഘം വ്യക്തമാക്കും. കശ്മീർ അന്താരാഷ്ട്ര വിഷയമായി മാറ്റാൻ പാകിസ്ഥാൻ ശ്രമിക്കവെയാണ് നീക്കം.
പഹൽഗാം ആക്രമണത്തിന് പിന്നാലെ തന്നെ ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പെടെ പ്രതിനിധികളെ അയക്കാൻ തീരുമാനിച്ചിരുന്നു.ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി ഇന്ത്യ മുന്നോട്ട്. എക്കൽ നീക്കുന്നത് മാസം തോറും നടത്താൻ ഇന്ത്യ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്.
ഇക്കാര്യത്തിൽ പാകിസ്ഥാൻറെ എതിർപ്പ് ഇനി കണക്കിലെടുക്കില്ല. “പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീ ജല ഉടമ്പടി നിർത്തിവെച്ചിരുന്നു. പിന്നാലെ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിൽ നിന്നും വെള്ളമൊഴുക്കുന്നത് ഒരു ഘട്ടത്തിൽ നിർത്തിവെക്കുകയും പിന്നീട് മുന്നറിയിപ്പില്ലാതെ തുറക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് എക്കൽ നീക്കൽ നടപടികൾ നടത്തിയത്.മെയ് മാസത്തിന്റെ തുടക്കത്തിൽ നടത്തിയ എക്കൽ, മണൽ നീക്കം ഇനി എല്ലാ മാസവും നടത്താമെന്നാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയത്.
1987-ൽ സലാൽ അണക്കെട്ടും 2008-2009-ൽ ബാഗ്ലിഹാർ അണക്കെട്ടും നിർമ്മിച്ചതിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം എക്കൽ നീക്കിയത്. നേരത്തെ പാകിസ്ഥാൻ ആവർത്തിച്ച് എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് ഈ പ്രവൃത്തികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.