കൂരിയാട് ∙ ദേശീയപാത തകർന്ന സ്ഥലം സന്ദർശിക്കാനെത്തിയ വിദഗ്ധ സംഘത്തിനു മുന്നിൽ പരാതിക്കെട്ടഴിച്ചു നാട്ടുകാർ. കടലുണ്ടിപ്പുഴയുടെ അഞ്ച് കൈത്തോടുകളിൽ മൂന്നെണ്ണത്തിന്റെ കുറുകെയാണ് നിലവിലെ ആറുവരിപ്പാതയും സർവീസ് റോഡും നിർമിച്ചിരിക്കുന്നതെന്നും ഇത് കാരണം പ്രദേശത്ത് ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടാണെന്നും നാട്ടുകാർ പറഞ്ഞു.
ആറുവരിപ്പാതയിൽ വിള്ളലുണ്ടായ ചില ഭാഗങ്ങൾ നിർമാണ കമ്പനി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നികത്തുകയും ടാറിങ് നടത്തുകയും ചെയ്തെന്നും ചിലയിടത്തെ ടാറിങ് ഇളക്കി വിള്ളൽ മൂടിയതായും നാട്ടുകാർ പറഞ്ഞു.വിള്ളലുകൾ മറച്ചതിന്റെ മൊബൈൽ ദൃശ്യങ്ങൾ സമരസമിതി അംഗങ്ങൾ പരിശോധന സംഘത്തെ കാണിച്ചു.
ഉയരപ്പാതയിലെ വിള്ളലും മണ്ണിട്ട് മൂടിയ ഭാഗവും പരിശോധിച്ച സംഘം പൂർണമായും തകർന്ന സർവീസ് റോഡ് പരിശോധിക്കാതെ മടങ്ങിയത് പ്രതിഷേധത്തിന് കാരണമായി.ഉയരപ്പാത കെട്ടിയുയർത്തിയ കട്ടകൾക്കിടയിലെ വിള്ളലുകളിൽ സിമന്റ് കലക്കി തേച്ചത് നാട്ടുകാർ സംഘത്തിന്റെ ശ്രദ്ധയിൽപെടുത്തി.
വിശദമായ റിപ്പോർട്ട് സമർപ്പിച്ച ശേഷം മാത്രമേ പ്രതികരിക്കുകയുള്ളൂ എന്ന് പരിശോധന സംഘം പറഞ്ഞു. എന്നാൽ വ്യക്തമായ ഉറപ്പ് ലഭിക്കാതെ പരിശോധന സംഘത്തെ മടങ്ങാൻ അനുവദിക്കുകയില്ലെന്ന് പറഞ്ഞ് നാട്ടുകാർ വാഹനം ഉപരോധിച്ചതോടെ കൂരിയാട് അണ്ടർപാസ്സിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കടലുണ്ടിപ്പുഴയുടെ 5 കൈത്തോടുകളിൽ ഇനി ശേഷിക്കുന്നത് കൈതത്തോടും വേങ്ങരത്തോടുമാണ്. മഴയിൽ സ്ഥിരം വെള്ളം കയറുന്ന ഇവിടെ മണ്ണിട്ട് പൊക്കി ഉയരപ്പാത നിർമിക്കുന്നതിനു പകരം തൂണുകൾ നിർമിച്ച് വെള്ളം ഒഴുകിപോകാനുള്ള സൗകര്യം ഒരുക്കണമെന്ന് നാട്ടുകാരും സമരസമിതിയും വേങ്ങര പഞ്ചായത്ത് പ്രസിഡന്റും സംഘത്തെ അറിയിച്ചു.