റാഞ്ചി: പത്ത് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന പിടികിട്ടാപ്പുള്ളിയും മാവോവാദി നേതാവുമായ പപ്പു ലോഹറയെ വധിച്ചു. ഝാർഖണ്ഡിലെ ലത്തേഹാറിൽ പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് പപ്പു ലോഹറയെ വധിച്ചത്.
അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് ഉള്‍പ്പെടെയുള്ള 30 മാവോവാദികളെ നേരത്തെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മറ്റു രണ്ട് മാവോവാദികളേയും വധിച്ചിരിക്കുന്നത്.
ഏറ്റുമുട്ടലിൽ മറ്റൊരു മാവോവാദി പ്രഭാത് ഗഞ്ച്ഹുവിനേയും കൊലപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായാണ് റിപ്പോർട്ട്. പരിക്കേറ്റ മറ്റൊരു മാവോവാദിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഛത്തീസ്ഗഢിലെ നാരായണ്‍പുര്‍ ജില്ലയിലെ അബുജംദ് വനമേഖലയിൽ വെച്ച് ബസവരാജു കൊല്ലപ്പെട്ട് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പപ്പു ലോഹറയെ വധിക്കുന്നത്. ബസവരാജു മുമ്പ് കേന്ദ്ര സൈനിക കമ്മീഷന്റെ തലവനായിരുന്നു. പിന്നീട് മാവോയിസ്റ്റ് ശ്രേണിയിലെ ഏറ്റവും ഉയർന്ന സ്ഥാനമായ ജനറൽ സെക്രട്ടറിയായി.”
