അഹമ്മദാബാദ്: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഗുജറാത്തിൽ നിന്ന് ഒരാൾ അറസ്റ്റിൽ. കച്ച് സ്വദേശി സഹദേവ് സിങ് ഗോഹിൽ ആണ് പിടിയിലായത്. കച്ചിൽ നിന്ന് തീവ്രവാദ വിരുദ്ധ സംഘമാണ് ആരോഗ്യപ്രവർത്തകനായ സഹദേവ് സിങ് ഗോഹിലിനെ അറസ്റ്റ് ചെയ്തത്.
പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായി സഹദേവിന് ബന്ധമുണ്ടെന്നും, ഇയാൾ ഗുജറാത്തിലെ തന്ത്ര പ്രധാന മേഖലകളുടെ വിവരം കൈമാറിയെന്നും പൊലീസ് പറയുന്നു.2023 ജൂൺ-ജൂലൈ കാലയളവിൽ അദിതി ഭരദ്വാജ് എന്ന പാകിസ്താനി ഏജന്റായ യുവതിയുമായി ഇയാൾ ബന്ധപ്പെട്ടിരുന്നു.
നിർമാണത്തിലിരിക്കുന്ന ബിഎസ്എഫ്, എയർഫോഴ്സ് കെട്ടിടങ്ങളുടെ ചിത്രങ്ങൾ അദിതി ഭരദ്വാജ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വർഷം ആദ്യം ഇയാൾ പുതിയ ഒരു സിം കാർഡ് എടുക്കുകയും ആ നമ്പറിലൂടെ വിവരങ്ങൾ കൈമാറുകയും ചെയ്തുവെന്നുമാണ് കണ്ടെത്തൽ
.ഇതിന് ഇയാൾക്ക് 40,000 രൂപയും ലഭിച്ചതായി അന്വേഷണ സംഘം കണ്ടത്തി. ബിഎൻഎസ് 61,148 എന്നീ വകുപ്പുകൾ പ്രകാരമാണ് സഹദേവിനെതിരെ കേസെടുത്തിരിക്കുന്നത്.
സഹദേവ് സിങ് ഗോഹിൽ അടക്കം 12 പേരാണ് രാജ്യത്തിൻറെ പല ഭാഗത്തുനിന്നും ചാരപ്രവൃത്തിക്കായി പിടിയിലായത്. ഇതിൽത്തന്നെ യൂട്യൂബറായ ജ്യോതി മൽഹോത്രയുടെ കേസ് വലിയ ശ്രദ്ധ നേടിയിരുന്നു. ‘ട്രാവല്‍ വിത്ത് ജോ’ എന്നാണ് ജ്യോതി മല്‍ഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്.
ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് നിരവധി തവണ പാകിസ്താന്‍ സന്ദര്‍ശിച്ചതായി കണ്ടെത്തിയിരുന്നു.ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാകിസ്താന്‍ ഇന്റലിജന്‍സ് ജ്യോതിയെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും, വിവരങ്ങള്‍ കൈമാറി കിട്ടാന്‍ ശ്രമിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.