ദില്ലി: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കം. 279 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന കൊൽക്കത്ത പവര്‍ പ്ലേ പൂര്‍ത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 59 റൺസ് എന്ന നിലയിലാണ്.

8 റൺസുമായി ക്വിന്റൺ ഡീകോക്കും 4 റൺസുമായി അംഗ്കൃഷ് രഘുവൻഷിയുമാണ് ക്രീസിൽ. സുനിൽ നരെയ്ൻ, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്.പടുകൂറ്റൻ വിജയലക്ഷ്യം മുന്നിൽ കണ്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്ക് ആദ്യ ഓവറിൽ തന്നെ രണ്ട് സിക്സറുകൾ പറത്തി സുനിൽ നരെയ്ൻ മികച്ച തുടക്കമാണ് നൽകിയത്.

ആദ്യ ഓവറിൽ നായകൻ പാറ്റ് കമ്മിൻസ് 13 റൺസ് വഴങ്ങിയെങ്കിലും രണ്ടാം ഓവറിൽ ജയദേവ് ഉനദ്കട്ട് വെറും 7 റൺസ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. മൂന്നാം ഓവറിൽ വീണ്ടും പാറ്റ് കമ്മിൻസിനെ നരെയ്ൻ അതിര്‍ത്തി കടത്തി. അവസാന പന്തിൽ ബൗണ്ടറി കൂടി കണ്ടെത്താൻ നരെയ്ന് കഴിഞ്ഞതോടെ 3 ഓവറുകൾ പൂര്‍ത്തിയായപ്പോൾ കൊൽക്കത്ത വിക്കറ്റ് നഷ്ടമില്ലാതെ 32 റൺസ് എന്ന നിലയിലെത്തി.

നാലാം ഓവറിൽ ഭാഗ്യത്തിന്റെ അകമ്പടിയോടെ ഒരു ബൗണ്ടറി നേടാൻ കഴിഞ്ഞെങ്കിലും തൊട്ടടുത്ത പന്തിൽ തന്നെ നരെയ്നെ ഉനദ്കട്ട് ക്ലീൻ ബൗൾഡാക്കി. 16 പന്തുകൾ നേരിട്ട നരെയ്ൻ 3 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 31 റൺസ് നേടിയാണ് മടങ്ങിയത്. മികച്ച രീതിയിൽ പന്തെറിഞ്ഞ ഉനദ്കട്ട് 7 റൺസ് മാത്രം വിട്ടുകൊടുത്ത് ഓവര്‍ അവസാനിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *