തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ വർധിക്കുന്നുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വ്യാപകമായ പരിശോധനാസംവിധാനം ഏർപ്പെടുത്തേണ്ട സ്ഥിതി ഇപ്പാഴില്ലെന്നും കൂടുതൽ പരിശോധന നടത്തുന്നതുകൊണ്ടാണ് നിരക്കുകൾ കൂടുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ 519 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പ്രായമുള്ളവർ, രോഗങ്ങളുള്ളവർ തുടങ്ങിയവർ ദയവായി പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി പറയുന്നു. മറ്റ് രോഗങ്ങളുള്ളവർ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം.
ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനവും ഒഴിവാക്കണംആഗോളതലത്തിൽ കോവിഡ് കേസുകളിൽ ചെറിയതോതിൽ വർധനവ് കണ്ടപ്പോൾ തന്നെ മന്ത്രിതല യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു.
അന്നുമുതൽ തന്നെ സൂക്ഷ്മനിരീക്ഷണം നടത്തണമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കുറച്ച് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.- മന്ത്രി പറഞ്ഞു.
കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലാണ് രോഗബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും കോവിഡ് പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നുണ്ട്.