വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീം കുറിച്ചത് ചരിത്ര നേട്ടങ്ങൾ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 400 റൺസെടുത്തു

. ജാമീ സ്മിത്ത് 37, ബെൻ ഡക്കറ്റ് 60, ജോ റൂട്ട് 57, ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 58, ജോസ് ബട്ലർ 37, ജേക്കബ് ബെഥൽ 82, വിൽ ജാക്സ് 39 എന്നിവരുടെ പ്രകടനമാണ് ഇം​ഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്.2007ൽ പാകിസ്താനെതിരെ ദക്ഷിണാഫ്രിക്കൻ ടീം നേടിയ ആറിന് 392 റൺസായിരുന്നു ഇതുവരെ ഏകദിന ക്രിക്കറ്റിൽ ഒരു താരത്തിന്റെ പോലും സെഞ്ച്വറിയില്ലാതെ ഒരു ടീം നേടിയ ഉയർന്ന സ്കോർ.

18 വർഷത്തിന് ശേഷം ദക്ഷിണാഫ്രിക്കയുടെ റെക്കോർഡ് ഇം​ഗ്ലീഷ് ടീം തിരുത്തി എഴുതിയിരിക്കുകയാണ്.വെസ്റ്റ് ഇൻഡീസിനെതിരെ ഇം​ഗ്ലണ്ട് ടീമിലെ ആദ്യ ഏഴ് താരങ്ങളും 30 റൺസിലധികം സ്കോർ ചെയ്തു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീമിലെ ആദ്യ ഏഴ് ബാറ്റർമാരും 30ലധികം റൺസ് നേടുന്നത്.

ഏകദിന ക്രിക്കറ്റിൽ ഇത് ആറാം തവണയാണ് ഇം​ഗ്ലണ്ട് ടീം 400 റൺസെന്ന നേട്ടത്തിലെത്തുന്നത്. ഏറ്റവും കൂടുതൽ തവണ ഏകദിനത്തിൽ 400 റൺസെന്ന റെക്കോർഡിൽ ഇം​ഗ്ലണ്ടിന് മുന്നിലുള്ളത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മാത്രമാണ്.

ഇന്ത്യ ഏഴ് തവണയും ദക്ഷിണാഫ്രിക്ക എട്ട് തവണയും ഈ നേട്ടം സ്വന്തമാക്കി.മത്സരത്തിൽ 238 റൺസിന്റെ വിജയമാണ് ഇം​ഗ്ലണ്ട് സ്വന്തമാക്കിയത്.

ഏക​ദിന ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇം​ഗ്ലണ്ടിന്റെ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ വിജയമാണിത്. 2018ൽ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 242 റൺസിന്റെ വിജയമാണ് ഇം​ഗ്ലണ്ട് ക്രിക്കറ്റിന്റെ റൺസ് അടിസ്ഥാനത്തിലുള്ള എക്കാലത്തെയും ഉയർന്ന വിജയം.

Leave a Reply

Your email address will not be published. Required fields are marked *