തിരുവനന്തപുരം: സ്വന്തമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ പദ്ധതിയാണ് ഗഗന്യാന്. ഗഗൻയാനായി തെരഞ്ഞെടുക്കപ്പെട്ട നാല് ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളിൽ ഒരാളാണ് ശുഭാംശു ശുക്ല. ആക്സിയം 4 ദൗത്യത്തിലൂടെ ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് പോകാനൊരുങ്ങുമ്പോൾ എല്ലാവരുടെയും മനസ്സിലൊരു ചോദ്യമുണ്ട്.
ഗഗൻയാൻ പദ്ധതി എവിടെയെത്തിഇന്ത്യൻ മണ്ണിൽ നിന്ന് ഇന്ത്യൻ റോക്കറ്റിൽ ഇന്ത്യൻ പേടത്തിൽ ഒരു മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ 140 കോടി ജനത കേട്ടത്. 2018ലെ മോദിയുടെ ചെങ്കോട്ട പ്രസംഗമാണ് ഗഗൻയാൻ എന്ന പദ്ധതിയും ആ പേരും ഔദ്യോഗികമാക്കുന്നത്.
പക്ഷേ അതിനും എത്രയോ മുന്നേ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുകയെന്ന സ്വപ്നം ഇസ്രൊ കണ്ട് തുടങ്ങിയിരുന്നു. ആ സ്വപ്നത്തിലേക്കടുക്കാനുള്ള പരിശ്രമവും ഗൗരവകരമായ ആലോചനകൾ തുടങ്ങിയത് 2006ലാണ്.
ചെറിയ ബജറ്റിൽ വളരെ പതുക്കെ മുന്നോട്ട് നീങ്ങിയ പദ്ധതിയിലെ സുപ്രധാന ഏടായിരുന്നു 2014 ഡിസംബറിൽ നടന്ന കെയർ മിഷൻ. യാത്രാപേടകത്തിന്റെ ചെറുപതിപ്പിനെ എൽവിഎം3 റോക്കറ്റിൽ വിക്ഷേപിക്കുകയും കടലിൽ ഇറക്കുകയും ചെയ്തു.
ഇതിന് ശേഷം 2018 ജൂലൈയിൽ പാഡ് അബോർട്ട് ടെസ്റ്റ് നടന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനം കൂടി വന്നതോടെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളച്ചു. നാല് എയർഫോഴ്സ് ടെസ്റ്റ് പൈലറ്റുമാരെ യാത്രക്കായി തെരഞ്ഞെടുത്തു. അവരെ പരിശീലനത്തിനായി റഷ്യയിലേക്കയച്ചു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ ആദ്യ ദൗത്യമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അപ്രതീക്ഷിതമായെത്തിയ കൊവിഡ് മഹാമാരിയടക്കം ആ ലക്ഷ്യത്തെ വൈകിച്ചു. 2023 ഒക്ടോബറിൽ ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്റെ പരീക്ഷണാർത്ഥം ടെസ്റ്റ് വെഹിക്കിൾ പരീക്ഷണം. മെല്ലെ മെല്ലെ പദ്ധതി മുന്നോട്ടുപോയി.
ഇതിനിടയിൽ റഷ്യൻ പരിശീലനം പൂർത്തിയാക്കി നാല് പേരും മടങ്ങിയെത്തി. ബെംഗളൂരുവിൽ ഇസ്രൊയുടെ നേതൃത്വത്തിൽ അടുത്ത ഘട്ട പരിശീലനവും തുടങ്ങി. 2024 ഫെബ്രുവരി 27ന് നാലംഗ സംഘത്തെ പ്രധാനമന്ത്രി രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചു.
ആദ്യ ആളില്ലാ ദൗത്യം ഈ വർഷമെങ്കിലും നടത്താനുള്ള കഠിന പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.അടുത്തിടെയുണ്ടായ എൻവിഎസ് 02 ഉപഗ്രഹത്തിലെ സാങ്കേതിക പ്രശ്നവും, പിഎസ്എൽവി പരാജയവും പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. കൂടുതൽ കരുതലോടെയാണ് ഇപ്പോള്‍ ജോലികള്‍ നടക്കുന്നത്.
ആളില്ലാ ദൗത്യത്തിലെ യാത്രക്കാരിയായ വ്യോമമിത്ര എന്ന റോബോട്ടിന്റെ ജോലികള്‍ ഏറെക്കുറെ പൂർത്തയാകുകയും അവസാന വട്ട പരീക്ഷണങ്ങള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. മൂന്ന് ആളില്ലാ ദൗത്യങ്ങള്‍ വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ മനഷ്യനെ അയക്കുന്ന ദൗത്യത്തിലേക്ക് കടക്കാനാകുകയുള്ളൂ.
ആദ്യ ദൗത്യമെന്ന കടമ്പ കടന്നാൽ ബാക്കിയെല്ലാം വേഗത്തിലാകുമെന്ന പ്രതീക്ഷയാണ് ടീം ഇസ്രൊയ്ക്കുള്ളത്.2026 അവസാനമോ 2027 ആദ്യമോ ആദ്യ മനുഷ്യ ദൗത്യമെന്നതാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്ന സ്വപ്നം.
തെരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ ഒരാള്‍ മാത്രമാകും ആദ്യ ദൗത്യത്തിലെ യാത്രികൻ, അതാരന്ന് തീരുമാനിച്ചിട്ടില്ല. ഗഗൻയാന് പിന്നാലെ സ്വന്തം ബഹിരാകാശ നിലയമെന്ന വലിയ ലക്ഷ്യം കൂടി ഇപ്പോള്‍ ഇസ്രൊയ്ക്ക് മുന്നിലുണ്ട്. അതിന്റെപ്രാഥമിക ജോലികളും പുരോഗമിക്കുകയാണ്.