ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിനിടെ 216 തടവുകാർ ജയിൽ ചാടിയെന്ന് റിപ്പോർട്ട്. ജയിൽ ഭിത്തികളിൽ വിള്ളലുണ്ടായതിന് പിന്നാലെ സെല്ലുകളുടെ വാതിലുകളും പൂട്ടുകളും തകർത്തും ജനലുകൾ പൊളിച്ചും തടവു പുള്ളികൾ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. തീവ്രവാദ കേസിലെ പ്രതികൾ ഉൾപ്പെടെ അയ്യായിരത്തോളം തടവുകാരെ പാർപ്പിച്ചിരുന്ന കാറാച്ചിയിലെ മലിർ ജയിലിലാണ് സംഭവം.
പാകിസ്ഥാനിലെ കുപ്രസിദ്ധരായ നിരവധി തടവുകാരും ഇവിടെയുണ്ടായിരുന്നു.ഭൂചലനത്തിൽ ജയിൽ ഭിത്തികളിൽ വിള്ളലുണ്ടായതോടെ തടവുകാർ ഭയന്ന് ബഹളമുണ്ടാക്കാൻ തുടങ്ങി.
ഇതിനൊടുവിലാണ് വാതിലുകളും ജനലുകളും തകർത്ത് തടവുകാർ പുറത്തിറങ്ങി രക്ഷപ്പെട്ടത്. ജയിൽ തകർന്നുവീഴുമെന്ന് പേടിച്ച് തടവുപുള്ളികൾ സെല്ലുകളിലും ബാരക്കുകളിലും കിടന്ന് നിലവിളിക്കുകയായിരുന്നു എന്ന് ജയിൽ സൂപ്രണ്ട് ബിബിസിയോട് വിശദീകരിച്ചു.
അതേസമയം സംഭവം സുരക്ഷാ വീഴ്ചയല്ലെന്നും പ്രകൃതി ദുരന്തത്തിൽ സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജയിലിൽ നിന്ന് ആളുകൾ രക്ഷപ്പെട്ട് ഓടുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.
ഒരു തടവുകാരൻ തിരക്കിനിടെ കൊല്ലപ്പെട്ടതായും രണ്ട് ജയിൽ ജീവനക്കാർക്ക് പരിക്കുണ്ടെന്നും അറിയിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവരിൽ 80 തടവുകാരെ ഇതിനോടകം പിടികൂടാൻ സാധിച്ചതായി അധികൃതർ അവകാശപ്പെടുന്നുണ്ട്. ഇനിയും 130ലേറെ പേരെ കണ്ടെത്തിയിട്ടില്ല.
മറിച്ച് പൊലീസ് പിടികൂടിയാൽ തീവ്രവാദ വിരുദ്ധ നിയമം അനുസരിച്ച് വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ തടവുകാരുടെയും വീടുകളിലെത്തി ആളുകളെ തെരയുകയാണ് ഇപ്പോൾ പൊലീസ്. സമുദ്രാതിർത്തി ലംഘിച്ചെന്നും മറ്റും ആരോപിച്ച് പാകിസ്ഥാൻ പിടികൂടിയ നൂറിലധികം ഇന്ത്യക്കാരും ഈ ജയിലിലുണ്ട്.