കൊച്ചി: പ്രമുഖ കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ വി.പി. ഗംഗാധരന് കത്തിലൂടെ വധഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ് മണി നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
മുംബൈയിലെ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്.
ചികിത്സാപിഴവ് കാരണം പെണ്‍കുട്ടി മരിച്ചെന്നും അമ്മ ആത്മഹത്യ ചെയ്തുവെന്നുമാണ് ആരോപിക്കുന്നത്. ഇതില്‍ നീതി തേടി പെണ്‍കുട്ടിയുടെ പിതാവാണ് തങ്ങളെ സമീപിച്ചതെന്നും കത്തില്‍ പറയുന്നു.തപാല്‍ വഴി മേയ് 17-ന് ലഭിച്ച കത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. ഗംഗാധരന്‍ മരട് പൊലീസില്‍ പരാതി നല്‍കി.
സംഭവത്തില്‍ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കത്തില്‍ നല്‍കിയ ക്യുആര്‍ കോഡ് വഴി ബിറ്റ് കോയിന്‍ ആയി 8.25 ലക്ഷം രൂപ നല്‍കണമെന്നാണ് ആവശ്യം. പണം നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്നും ഭീഷണിയുണ്ട്.