പടിയൂരിൽ കാറളം വെള്ളാനി കൈതവളപ്പിൽ രേഖ, അമ്മ മണി എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേം നിവാസിൽ പ്രേംകുമാർ കൊടുംക്രിമിനൽ.

കാമുകിക്കൊപ്പം കഴിയാൻ ആദ്യഭാര്യ വിദ്യയെ ക്രൂരമായി കൊലപ്പെടുത്തി കാട്ടിൽ ഉപേക്ഷിച്ച കേസിൽ ജാമ്യത്തിലിറങ്ങിയാണ് രണ്ടാം ഭാര്യ രേഖയെയും അമ്മ മണിയെയും പ്രേംകുമാർ കൊലപ്പെടുത്തുന്നത്.

2019ലാണ് കാമുകിയായ തിരുവനന്തപുരം വെള്ളറട അഞ്ചുമരംകാല വാലൻവിള സുനിത ബേബിക്കൊപ്പം ചേർന്ന് ആദ്യഭാര്യ ചേർത്തല കഞ്ഞിക്കുഴി പുതിയാപറമ്പ് സ്വദേശി വിദ്യയെ പ്രേംകുമാർ കൊലപ്പെടുത്തിയത്.

അന്ന് ഉദയംപേരൂർ നടക്കാവിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു പ്രേംകുമാറും ഭാര്യ വിദ്യയും. തിരുവനന്തപുരത്ത് സ്കൂളിൽ ഒന്നിച്ചു പഠിച്ചവരായിരുന്നു പ്രേംകുമാറും സുനിതയും. സ്കൂളിൽ നടത്തിയ റീയൂണിയനുശേഷം ഇരുവരും അടുപ്പത്തിലാകുകയായിരുന്നു.

തുടർന്ന്, സുനിത ഹൈദരാബാദിലെ ജോലി ഒഴിവാക്കി കടയ്ക്കലിലെ ആശുപത്രിയിൽ ചേർന്നു.പ്രേംകുമാറിനു തിരുവനന്തപുരം പേയാട് ഓഫിസുണ്ടായിരുന്നു. അതിനടുത്ത് ഇരുവരും ചേർന്ന് വീട് വാടകയ്‌ക്കെടുത്തു.സെപ്റ്റംബർ 20ന് പ്രേംകുമാർ വിദ്യയുടെ ഫോൺ എറണാകുളത്തു നേത്രാവതി എക്സ്പ്രസ് ട്രെയിനിലെ കുപ്പത്തൊട്ടിയിൽ ഇട്ടു. പിന്നീടുണ്ടാകുന്ന അന്വേഷണം വഴിതിരിച്ചു വിടാനായിരുന്നു ഈ സിനിമാ തന്ത്രം.

പിന്നീട്, കഴുത്തിന് അസുഖമുള്ള വിദ്യയെ ഡോക്ടറെ കാണിക്കാമെന്നു പറഞ്ഞ് തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. പ്രേമിന്റെ പ്രേരണയിൽ അമിതമായി മദ്യപിച്ച വിദ്യ ബോധംകെട്ട് ഉറങ്ങി. പുലർച്ചെ രണ്ടുമണിയോടെ കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി.

മുകൾ നിലയിലുണ്ടായിരുന്ന സുനിത താഴെയെത്തി ഹൃദയമിടിപ്പു പരിശോധിച്ച് മരണം ഉറപ്പാക്കി.പ്രേമും സുനിതയും ചേർന്ന് കാറിൽ കൊണ്ടുപോയി.തിരുനെൽവേലി – നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിൽ ഏർവാടി ഓവർബ്രിജിനു സമീപത്തെ കുറ്റിക്കാട്ടിൽ തള്ളി.

ശേഷം വിദ്യയെ കാണാനില്ലെന്ന് സുനിതയ്ക്കൊപ്പം എത്തി പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പ്രേംകുമാർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതോടെയാണ് പൊലീസിന് സംശയം തോന്നി വിശദമായ അന്വേഷണം നടത്തിയത്.

തുടർന്ന് ഒളിവിൽപോയ പ്രേംകുമാർ തന്റെ മൊബൈൽ ഫോണിൽനിന്ന് ഉദയംപേരൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന്റെ വാട്സാപ്പിലേക്ക് ‘എനിക്ക് അവളെ കൊല്ലേണ്ടി വന്നു’ എന്ന് ശബ്സന്ദേശം അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *