കൊല്ലം∙ കുളത്തൂപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കുളത്തൂപ്പുഴ ഡീസന്റ് മുക്കിൽ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണുകയാണ് (39) കൊല്ലപ്പെട്ടത്.കഴുത്തിലും കഴുത്തിനും താഴെയുമായാണ് ഭർത്താവ് സാനുകുട്ടൻ രേണുകയെ കുത്തിയത്. കൈകളിലും രേണുകയ്ക്കു കുത്തേറ്റിരുന്നു.

രേണുകയെ ആദ്യം കുളത്തൂപ്പുഴ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെ‍ഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വച്ച് മരിച്ചു.കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

രേണുകയെ സാനുകുട്ടന് സംശയമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കിട്ടിരുന്നതായും ബന്ധുക്കൾ പറയുന്നു. വഴക്കിനിടെ കയ്യില്‍ കിട്ടിയ കത്രിക ഉപയോഗിച്ച് രേണുകയെ സാനുക്കുട്ടൻ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഭര്‍ത്താവ് സാനു കുട്ടന്‍ ഒളിവിലാണ്.

ഇയാൾ സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടതായാണ് വിവരം. സാനുകുട്ടനായി പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു. രേണുകയുടെ മൃതദേഹം കടയ്ക്കൽ സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് 2 ആണ്‍കുട്ടികളും 2 പെണ്‍കുട്ടികളുമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *