വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ഇറക്കുമതിക്ക് 35 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ താരിഫ് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് ബാധകമാണെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് ട്രംപ് പുറത്ത് വിട്ടത്. അമേരിക്കയിലേയ്ക്കുള്ള ഫെന്റനൈലിന്റെ ഒഴുക്ക്, അന്യായമായ വ്യാപാര രീതികൾ എന്നിവയാണ് കാനഡയ്‌ക്കെതിരെ ഉയർന്ന തീരുവ ചുമത്തുന്നതിൻ്റെ കാരണമായി ട്രംപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കാനഡയുമായുള്ള വ്യാപാര ബന്ധം അമേരിക്ക തുടരുമെന്ന് അടിവരയിട്ടാണ് ട്രംപിന്റെ കത്ത് ആരംഭിക്കുന്നത്. ഫെന്റനൈൽ അമേരിക്കയിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിൽ കാനഡ പരാജയപ്പെട്ടത് പുതിയ താരിഫ് നയത്തിന് കാരണമായി ട്രംപ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
‘നിങ്ങൾ ഓർക്കുന്നതുപോലെ, നമ്മുടെ രാജ്യത്തിന്റെ ഫെന്റനൈൽ പ്രതിസന്ധിയെ നേരിടാൻ അമേരിക്ക കാനഡയ്ക്ക് തീരുവ ചുമത്തി, ഇതിന് ഒരു കാരണംതെങ്കിലും കാരണത്താൽ നിങ്ങൾ നിങ്ങളുടെ താരിഫ് ഉയർത്താൻ തീരുമാനിച്ചാൽ, നിങ്ങൾ എത്ര തുക ഉയർത്താൻ തീരുമാനിക്കുന്നോ അത് ഞങ്ങൾ ഈടാക്കുന്ന 35% ത്തിൽ ചേർക്കും’ എന്നായിരുന്നു ട്രംപിൻ്റെ മുന്നറിയിപ്പ്.
കനേഡിയൻ കമ്പനികൾ അവരുടെ പ്രവർത്തനങ്ങൾ അമേരിക്കയിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചാൽ അവർക്ക് വേഗത്തിലുള്ള റെഗുലേറ്ററി അംഗീകാരങ്ങൾ നൽകാൻ സഹായിക്കുമെന്നും ട്രംപ് കത്തിൽ വ്യക്തമാക്കുന്നുണ്ട്.
കനേഡിയിൽ കമ്പനികൾ അമേരിക്കയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചാൽ വേഗത്തിലും പ്രൊഫഷണലായും റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിക്കാൻ ആഴ്ചകൾക്കുള്ളിൽ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് ട്രംപ് ഉറപ്പ് നൽകിയിരിക്കുന്നത്.