കൊല്ലം: വിപഞ്ചികയുടെ ആത്മഹത്യയിലെ വസ്തുത പുറത്തെത്തിച്ചത് ആ സോഷ്യല്‍ മീഡിയാ കുറിപ്പ്. വിപഞ്ചികയുടെ മരണ ശേഷം സമൂഹ മാധ്യമത്തില്‍ കണ്ട ആത്മഹത്യാക്കുറിപ്പിലൂടെയാണു പീഡന വിവരങ്ങള്‍ എല്ലാവരും അറിയുന്നത്.
വിപഞ്ചികയുടെ മരണ ശേഷം ഫോണ്‍ കൈക്കലാക്കിയ നിതീഷും നീതുവും ചേര്‍ന്ന് പോസ്റ്റ് മായ്ച്ചുകളഞ്ഞു. അതിന് മുന്‍പു തന്നെ വിപഞ്ചികയുടെ സുഹൃത്തുക്കളും സഹോദരന്‍ വിനോദിന്റെ ഭാര്യ സഹോദരിയും കുറിപ്പ് ഡൗണ്‍ലോഡ് ചെയ്തു.
ഇതാണ് ഈ വിഷയത്തില്‍ നിര്‍ണ്ണായകമായത്. വിപഞ്ചികയുടെയും മകള്‍മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ 17ന് നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.
അമ്മയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തില്‍ ഒന്നര വയസുകാരി വൈഭവിയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം കെട്ടിത്തൂക്കിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാവ് വിപഞ്ചികയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നിട്ടില്ല.
ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഫ്‌ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.
തന്റെ മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനന്‍ എന്നിവരാണെന്നു വിപഞ്ചിക കുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്. വിവാഹ ആഡംബരമായി നടത്തിയില്ല, സ്ത്രീധനം കുറഞ്ഞു, കാര്‍ നല്‍കിയില്ല എന്നൊക്കെ കുറ്റം പറഞ്ഞു മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ പറയുന്നു.
ഗര്‍ഭിണിയായി ഇരുന്നപ്പോള്‍ പോലും പീഡനം ഏല്‍ക്കേണ്ടി വന്നു. കഴുത്തില്‍ ബെല്‍റ്റിട്ടു മുറുക്കുകയും മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്തു. നിതീഷും നീതുവും ചേര്‍ന്നു വീട്ടില്‍ നിന്ന് ഇറക്കി വിട്ടതിനെ തുടര്‍ന്നു ഹോട്ടലില്‍ താമസിക്കേണ്ടി വന്നുവെന്നും അതില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കുണ്ടറ പോലീസിന് പരാതി നല്‍കിയത്. ഇതോടെ കേസെടുത്തു. അതുകൊണ്ട് തന്നെ മൃതദേഹം നാട്ടില്‍ കൊണ്ടു വരുമ്പോള്‍ വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തും.
കാനഡയിലുള്ള സഹോദരന്‍ വിനോദ് അടുത്ത ദിവസം തന്നെ ഷാര്‍ജയിലേക്ക് തിരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ അവധി ആയതിനാല്‍ ഔദ്യോഗിക നടപടികള്‍ താമസം നേരിടുന്നുണ്ട്. എത്രയും വേഗം മൃതദേഹങ്ങള്‍ വിട്ടു കിട്ടുന്നതിന് ശ്രമിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. സംസ്‌കാരം മാതൃ സഹോദരന്റെ വീടായ കേരളപുരം പൂട്ടാണിമുക്ക് സൗപര്‍ണികയില്‍ നടത്തും.