റായ്പൂർ: ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ നിയമ നടപടിക്ക് കന്യാസ്ത്രീകള്‍ക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികളുടെ കുടുംബം. ജ്യോതി ശർമക്കെതിരെ പൊലീസിൽ പരാതി നൽകും. മർദ്ദിച്ചതിലും ഭീഷണിപ്പെടുത്തിയതിലും പരാതി നൽകാനാണ് തീരുമാനം. മൊഴിയെടുത്ത ശേഷം പൊലീസ് വിട്ടയച്ച യുവതികൾ ഇപ്പോൾ നാരായൺപൂരിലാണുള്ളത്.
അതേസമയം, മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ പ്രത്യേക എൻഐഎ കോടതി ഇന്ന് വിധിപറയും.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ എതിർത്തിരുന്നു.കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്നാണ് ഛത്തീസ്ഗഡ് സർക്കാരിനെ കൂടാതെ ബജ്‌റംഗ്ദളിന്റെ അഭിഭാഷകരുടെയും ആവശ്യം.
കടുത്ത ഭാഷയിൽ ആണ് ബജ്‌റംഗ്ദൾ അഭിഭാഷകർ കഴിഞ്ഞദിവസം കോടതിയിൽ എതിർപ്പ് ഉന്നയിച്ചത്. കന്യാസ്ത്രീകൾക്ക് ഒരു കാരണവശാലും ജാമ്യം കൊടുക്കരുതെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു.