നടി പൊന്നമ്മ ബാബു തന്നോട് ഭീഷണി സ്വരത്തിൽ സംസാരിച്ചു എന്ന മാലാ പാർവതിയുടെ ആരോപണത്തിന് മറുപടിയുമായി പൊന്നമ്മ ബാബു. നടി കുക്കു പരമേശ്വരൻ താരസംഘടനയായ ‘അമ്മ’യിലെ സ്ത്രീകളെ വഞ്ചിച്ചു എന്ന് മൂന്നു നടിമാർ പത്രസമ്മേളനം നടത്തി പറഞ്ഞതിന്റെ ദേഷ്യം തീർക്കുകയാണ് മാല പാർവതി എന്നാണ് പൊന്നമ്മ ബാബുവിന്റെ പ്രതികരണം.
മാലാ പാർവതി കുക്കു പരമേശ്വരന് വേണ്ടി പ്രവർത്തിക്കുകയാണെന്നും തങ്ങൾ ഉയർത്തിക്കൊണ്ടുവന്ന വലിയ വിഷയത്തിന്റെ ഗൗരവം കുറയ്ക്കാൻ വേണ്ടിയാണ് സ്ത്രീകളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ ചെറിയ ചെറിയ സംഭവങ്ങൾ മാലാ പാർവതികുത്തിപ്പൊക്കികൊണ്ടു വരുന്നതെന്നും പൊന്നമ്മ ബാബു പറഞ്ഞു.
കുറച്ച് സ്ത്രീകൾ അവരുടെ ദുഃഖം തുറന്നു പറഞ്ഞത് കോമഡി ആയി തോന്നുന്നുവെന്ന് പറഞ്ഞ മാലാ പാർവതി ഇനി എന്നെക്കുറിച്ച് എന്തു പറഞ്ഞാലും എനിക്ക് കോമഡിയായി തന്നെയേ തോന്നൂ.
ചില കാര്യങ്ങൾ ഞങ്ങൾ ചോദ്യം ചെയ്തു വന്നത് മുങ്ങി പോകാൻവേണ്ടി ഗ്രൂപ്പിൽ മുൻപ് നടന്ന കാര്യങ്ങൾ പറഞ്ഞ്പുകമറ സൃഷ്ടിക്കുകയാണ് മാലാ പാർവതി.‘അമ്മ’യുടെ മെമ്പേഴ്സ് ആയ സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ഗ്രൂപ്പ്.
ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ തന്നെ കുറെ പേർ ചെറിയ ആശങ്ക പറഞ്ഞിരുന്നു. കൂടുതൽ വിഡിയോയും ഫോട്ടോസും ഒക്കെ ഗ്രൂപ്പിൽ വരുമ്പോൾ ഫോൺ ഹാങ്ങ് ആവാൻ സാധ്യതയുണ്ടല്ലോ എന്ന്.
അതുകൊണ്ടുതന്നെ ഗ്രൂപ്പിൽ ഫോട്ടോകളും വിഡിയോകളും ഒന്നും ഇടേണ്ട, ടെക്സ്റ്റ്മെസ്സേജും വോയിസ് മെസ്സേജും മാത്രം ഇട്ടാൽ മതിയെന്ന് ആദ്യം മുതലേ തീരുമാനം എടുത്തിരുന്നു.