തൃശൂർ: തൃശൂർ വോട്ട് കൊള്ളയിൽ വ്യാജ വോട്ടറായി പേര് ചേർത്തവരിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഡ്രൈവറും. പൂങ്കുന്നത്തെ ക്യാപിറ്റൽ C4-ൽ താമസിക്കാതെ വോട്ട് ചേർത്ത തിരുവനന്തപുരം സ്വദേശിയായ എസ്.അജയകുമാർ സുരേഷ് ഗോപിയുടെ ഡ്രൈവർ ആണെന്ന് അയൽവാസിപറഞ്ഞു.
നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഇയാളുടെ വോട്ട് തിരുവനന്തപുരത്താണ് എന്നതിനും തെളിവുകൾ ലഭിച്ചു. വോട്ടർ ഐഡി നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളക്കളി വ്യക്തമായത്.
ക്യാപിറ്റൽ വില്ലേജ് C4 ഫ്ലാറ്റ് ഉടമക്ക് അറിയുക പോലും ചെയ്യാത്ത താമസക്കാരനാണ് അജയകുമാർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ് അജയകുമാറിന്റെ പോളിംഗ് ബൂത്ത് ശാസ്തമംഗലത്തെ എൻഎസ്എസ്എച്ച്എസ്എസിലായിരുന്നു.
തൃശൂരിലെ അജയകുമാർ തന്നെയാണ് തിരുവനന്തപുരത്തെയും അജയകുമാർ എന്നത് അയൽവാസി സ്ഥിരീകരിച്ചു.നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടികയിൽ ശാസ്തമംഗലത്തെ ആറ്റിങ്കര പറമ്പിൽ വീടും, പോളിംഗ് സ്റ്റേഷൻ ശാസ്തമംഗലം എൻഎസ്എസ് സ്കൂളും തന്നെയാണ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയിലേക്കാണ് തൃശൂരിലെ വോട്ടുകൊള്ള എത്തി നിൽക്കുന്നത്.
അതേസമയം, തൃശ്ശൂർ പൂങ്കുന്നത്തെ ഫ്ലാറ്റിൽ വീട്ടമ്മ അറിയാതെ ചേർത്ത വ്യാജ വോട്ടുകൾ ആബ്സെന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി ഒഴിവാക്കിയതായാണ് താൻ ഓർക്കുന്നത് എന്ന് തെരഞ്ഞെടുപ്പ് കാലത്തെ ബൂത്ത് ലെവൽ ഓഫീസർ ആയിരുന്ന ആനന്ദ് സി. മേനോൻ പറഞ്ഞു.
ചട്ടപ്രകാരം പരിശോധന നടത്തിയാണ് വോട്ടർമാരെ ചേർത്തത്. വ്യാജന്മാർ പട്ടികയിൽ ഇടം നേടിയിട്ടുണ്ടെങ്കിൽ അത് എങ്ങനെയെന്ന് അറിയില്ല. ബിഎൽഒ ചുമതല ആദ്യമായാണ് നിർവഹിക്കുന്നതെന്നും പരിചയക്കുറവ് ഉണ്ടായിരുന്നെന്നും ആനന്ദ് സി. മേനോൻ പറഞ്ഞു.