ന്യൂഡല്‍ഹി: പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരെ ബാധിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ വര്‍ഷം ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ല് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.

ഭരണഘടനയുടെ 75ാം വകുപ്പ് ഭേദഗതി ചെയ്യുന്ന ബില്ലാണ് അവതരിപ്പിക്കുന്നത്.തുടര്‍ച്ചയായ 30 ദിവസം കസ്റ്റഡിയിലോ തടവിലോ ആയിരിക്കുന്ന മന്ത്രിയെ 31ാം ദിവസം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതിക്ക് പുറത്താക്കാമെന്ന് ബില്ലില്‍ പറയുന്നു.

സംസ്ഥാനങ്ങളുടെ മന്ത്രിമാരുടെ കേസില്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശിപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കാമെന്ന് ബില്ലില്‍ സൂചിപ്പിക്കുന്നു.

ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്തേക്ക് തിരിച്ച് വരുന്നതിന് തടസമില്ലെന്നും പറയുന്നു. ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമെങ്കിലും തടവിലായവര്‍ അയോഗ്യരാകുമെന്നാണ് നിലവിലെ വ്യവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *