കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം. ഇനി ക്രിക്കറ്റ് ആവേശത്തിൻ്റെ മൂന്നാഴ്ച്ചക്കാലം. അനന്തപുരിയിൽ കേരളത്തിൻ്റെ ക്രിക്കറ്റ് പൂരത്തിന് അരങ്ങുണരുകയാണ്. ആറ് ടീമുകൾ, 33 മത്സരങ്ങൾ. ഉശിരൻ പോരാട്ടങ്ങൾക്കൊപ്പം പുത്തൻ താരോദയങ്ങൾക്കുമായുള്ള കാത്തിരിപ്പിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധക‌‍ർ.

അദാനി ട്രിവാൺഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്സ്, ആലപ്പി റിപ്പിൾസ്, കൊച്ചി ബ്ലൂ ടൈ​ഗേഴ്സ്, ഫിന്സ് തൃശൂ‍ർ ടൈറ്റൻസ്, കാലിക്കറ്റ് ​ഗ്ലോബ് സ്റ്റാ‍ർസ് എന്നിവയാണ് ലീഗിൽ പങ്കെടുക്കുന്ന ടീമുകൾ. ഓരോ ദിവസം രണ്ട് മത്സരങ്ങൾ വീതമാണുള്ളത്.

ഉച്ചയ്ക്ക് 2.30നാണ് ആദ്യ മത്സരം തുടങ്ങുക. ആദ്യ ദിനമൊഴികെ മറ്റെല്ലാ ദിവസവും വൈകിട്ട് 6.45ന് രണ്ടാം മത്സരവും നടക്കും. ലീ​ഗ് ഘട്ടത്തിൽ ഓരോ ടീമുകളും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും.

കൂടുതൽ പോയിൻ്റുള്ള നാല് ടീമുകൾ സെമിയിലേക്ക് മുന്നേറും. സെപ്റ്റംബ‍ർ അഞ്ചിനാണ് സെമി ഫൈനൽ മത്സരങ്ങൾ നടക്കുക. ഏഴിന് ഫൈനൽ പോരാട്ടവും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *