ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മേഘവിസ്ഫോടനം. ചമോലിയിലെ തരാലി മേഖലയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായി.
സ്ഥലത്ത് സംസ്ഥാന ദുരന്തനിവാരണ സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അറിയിച്ചു.
തരാലി മാര്‍ക്കറ്റ് ഏരിയയും സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക വസതിയുമടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും അവശിഷ്ടങ്ങള്‍ കൊണ്ട് മൂടിയ നിലയിലാണ്.
സ്ഥലത്തെ കനത്ത മഴയും അവശിഷ്ടങ്ങളും കാരണം തരാലി-ഗ്വാല്‍ഡം റോഡും തരാലി-സഗ്വാര റോഡും അടച്ചിട്ടിരിക്കുകയാണ്.നിരവധി പ്രദേശവാസികളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ചമോലി പോലീസ് അറിയിച്ചു.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി പറഞ്ഞു.