ഷാര്‍ജ: ഏഷ്യാ കപ്പിന് മുന്നോടിയായി ത്രിരാഷ്ട്ര ടി20 പരമ്പര സ്വന്തമാക്കി പാകിസ്താന്. ഫൈനലില്‍ അഫ്ഗാനിസ്താനെ തകര്‍ത്താണ് പാകിസ്താന് പരമ്പര നേടിയത്. പാക് സ്പിന്നര്‍ മുഹമ്മദ് നവാസ് ഹാട്രിക്കോടെ തിളങ്ങിയ മത്സരത്തില്‍ 75 റണ്‍സിനാണ് ടീം വിജയിച്ചത്.
27 റണ്‍സെടുത്ത ഫഖര്‍ സമാനാണ് ടീമിന്റെ ടോപ്സ്കോറര്‍. അഫ്ഗാനിസ്താന്റെ ബൗളിങ്ങിന് മുന്നില്‍ കാര്യമായ പ്രകടനം ബാറ്റര്‍മാര്‍ക്ക് കാഴ്ച വയ്ക്കാനായില്ല. അതേസമയം, അതേ നാണയത്തിലുള്ള തിരിച്ചടിയാണ് പാകിസ്താന് സമ്മാനിച്ചത്.
പാക് ബൗളര്‍മാരുടെ തിരിച്ചടിക്കു മുന്നില്‍ അഫ്ഗാന് നിഷ്പ്രഭമായി. 66 റണ്‍സിന് ടീം ഓള്‍ഔട്ടായി.ഹാട്രിക്കുള്‍പ്പെടെ അഞ്ച് വിക്കറ്റെടുത്ത മുഹമ്മദ് നവാസാണ് അഫ്ഗാനിസ്താന് ബാറ്റിങ് നിരയുടെ മുനയൊടിച്ചത്. താരം നാലോവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റെടുത്തത്.
ആറാം ഓവറിലെ അവസാന രണ്ടു പന്തിലും എട്ടാം ഓവറിലെ ആദ്യ പന്തിലുമാണ് നവാസ് വിക്കറ്റെടുത്തത്. ടി20 ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ പാക് താരമാണ് നവാസ്.
സൂപ്പര്‍ താരങ്ങളായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഇല്ലെങ്കിലും പുത്തന്‍ താരങ്ങളുമായാണ് ടീമിന്റെ വരവ്. സല്മാന് അഗയാണ് നായകന്. പേസര്‍ ഷഹീന് അഫ്രീദി, ഫഖര്‍ സമാന്, ഹാരിസ് റൗഫ്, ഹസന് അലി തുടങ്ങിയവര്‍ ടീമിലിടം നേടിയിട്ടുണ്ട്.