താരസംഘടനയായ ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റായി നടി ശ്വേത മേനോന്‍ അടുത്തിടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് നിശ്ചിതവും ഘടനാപരവുമായി ജോലി സമയം വേണമെന്ന് ശ്വേത മേനോന്‍ വ്യക്തമാക്കി.
തന്റെ വ്യക്തിപരമായ അനുഭവങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിനെ കുറിച്ചും ആശയവിനിമയം നടത്തുന്ന തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ശ്വേത തുറന്ന് സംസാരിച്ചു.ഗര്‍ഭകാലത്ത് ജോലി ചെയ്തതിന്റെ അനുഭവങ്ങളെ കുറിച്ചും ശ്വേത സംസാരിച്ചു.
“ഞാന്‍ ഗര്‍ഭിണിയായി ഇരിക്കെ നാല് സിനിമകള്‍ ചെയ്തിരുന്നു. ആ സമയത്ത് അതിരാവിലെയുള്ള ഷൂട്ടിംഗ് എനിക്ക് ബുദ്ധിമുട്ടാണെന്ന് എന്റെ സംവിധായകരോട് ഞാന്‍ പറഞ്ഞിരുന്നു. അവര്‍ അത് മനസിലാക്കുകയും ചെയ്തു”, ശ്വേത പറഞ്ഞു.മിക്ക പ്രശ്‌നങ്ങളും സംസാരത്തിലൂടെ പരിഹരിക്കാന്‍ കഴിയും. പക്ഷെ ആളുകള്‍ പലപ്പോഴും അത് ഒഴിവാക്കാറുണ്ട്.
ഞാന്‍ അമ്മയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ് ആയപ്പോള്‍ പോലും, സ്ത്രീകള്‍ അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവെക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷെ അവരാരും അങ്ങനെ ചെയ്തില്ല”, എന്നും ശ്വേത വ്യക്തമാക്കി.
സംവിധാനങ്ങളുടെ പിന്തുണയുടെ അഭാവവും ജോലി നഷ്ടപ്പെടുമോ എന്ന ഭയവും കാരണം നിരവധി സ്ത്രീകള്‍ സ്വന്തം പോരാട്ടങ്ങള്‍ നിശബ്ദമായാണ് നടത്തുന്നതെന്നും ശ്വേത പറഞ്ഞു.
“ഞാന്‍ അവരെ കുറ്റപ്പെടുത്തില്ല. എല്ലാവര്‍ക്കും അവരുടെ കരിയറിനെ കുറിച്ച് ആശങ്കയുണ്ട്. എന്നാല്‍ പതുക്കെ ഞങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ വെളിച്ചത്തു കൊണ്ടുവരും”, അവര്‍ കൂട്ടിച്ചേര്‍ത്തു.