ഹമാസിന്റെ ഉന്നതനേതൃത്വത്തെ ലക്ഷ്യം വെച്ച് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് ഇസ്രയേല്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത ലോകത്തെ കുറച്ചൊന്നുമല്ല ഞെട്ടിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് ഹമാസിന്റെ രാഷ്ട്രീയകാര്യവിഭാഗം ആക്ടിങ് മേധാവി ഖലില്‍ അല്‍ ഹയ്യയുടെ മകന്‍ ഹമ്മാമും സഹായിയും ഖത്തറിലെ സുരക്ഷാസേനാംഗവുമുള്‍പ്പടെയുള്ളവര്‍ കൊല്ലപ്പെട്ട ആക്രമണമുണ്ടായത്.

ആക്രമണത്തിന്റെ കാര്യം ഇസ്രയേല്‍ തങ്ങളെ അറിയിച്ചിരുന്നുവെന്നും ഖത്തറിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നുമാണ് അമേരിക്ക പറയുന്നത്.ചര്‍ച്ച ചെയ്യാനെത്തിയ ഹമാസ് പ്രതിനിധി സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം.

അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ, ഗസയിലെ സമാധാനത്തിനും ഇസ്രയേലി ബന്ദികളുടെ മോചനത്തിനുമായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഖത്തറിന്റെ തലസ്ഥാന നഗരിയില്‍, ഖത്തര്‍ പാര്‍ലമെന്റില്‍ നിന്നും കിലോമീറ്ററുകള്‍ മാത്രം അകലെയുണ്ടായ ഈ ആക്രമണം ഖത്തറിനെ സംബന്ധിച്ച്‌ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണ്.

ഇസ്രയേല്‍-ഹമാസ് സമാധാന ചര്‍ച്ചകളെയെല്ലാം അട്ടിമറിക്കാന്‍ സാധ്യതയുള്ളതുമാണ്.ഗള്‍ഫ് രാജ്യങ്ങളും നാറ്റോ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്ര സഭയുമെല്ലാം ആക്രമണത്തെ അപലപിക്കുകയും ഖത്തറിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തുകഴിഞ്ഞു.

അതേമസയം ഖത്തറിനെതിരായ ഇസ്രയേലിന്റെ ഈ ആക്രണം ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് അവരുടെ നിര്‍ണായക സഖ്യകക്ഷിയായ അമേരിക്കയെ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *