മലയാള സിനിമ ഇന്ത്യന്‍ സിനിമയിലെ തന്നെ അത്ഭുതമായി മാറുകയാണ്. കുറഞ്ഞ ബജറ്റില്‍ കലാമൂല്യമുള്ള മികച്ച സിനിമാറ്റിക് എക്‌സ്പീരിയിന്‍സ് നല്‍കുന്ന സിനിമകള്‍ ഇന്ത്യയില്‍ മറ്റേതെങ്കിലും ഭാഷയില്‍ നിന്നുണ്ടാകുന്നുണ്ടോ? ഏറ്റവും ഒടുവില്‍ ലോകയുടെ റിലീസോടെ ഈ ചര്‍ച്ച സോഷ്യല്‍മീഡിയയില്‍ വീണ്ടും സജീവമായിരിക്കുകയാണ്.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു കഴിഞ്ഞു.
എമ്പുരാന് ശേഷം അതിവേഗം 200 കോടി നേടുന്ന ചിത്രം കൂടിയാണ് ലോക. തുടരും, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളാണ് 200 കോടി ക്ലബ്ബില്‍ ഇടംനേടിയ മറ്റ് ചിത്രങ്ങള്‍.ഹിന്ദി, തമിഴ്, തെലുങ്ക് ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ മികച്ച സിനിമകള്‍ നിര്‍മിക്കാന്‍ കഴിയുന്നുവെന്നതാണ് മലയാള സിനിമയുടെ പ്രത്യേകത.
കിങ് ഓഫ് കൊത്തയ്ക്കും കുറുപ്പിനും ചെലവാക്കിയ അതേ തുക തന്നെയാണ് ‘ലോക’യുടെയും ബജറ്റെന്നാണ് നിര്‍മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.
50 കോടി രൂപയാണ് കിങ് ഓഫ് കൊത്തയുടെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ 50 കോടിയില്‍ നിര്‍മിച്ച ലോകയാണ് 200 കോടി നേടി ഇപ്പോഴും മുന്നേറ്റം തുടരുന്നത്.
ഇതോടെയാണ് മലയാള സിനിമയെ കുറിച്ച് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ സിനിമകളെ പ്രശംസിച്ചു കൊണ്ടായിരുന്നു കരണ്‍ ജോഹറിന്റെ പരാമര്‍ശം. ഈ സമയത്ത് തുടരും, ലോക സിനിമകള്‍ പുറത്തിറങ്ങിയിട്ടില്ല.