ന്യൂഡല്‍ഹി: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നതാണെന്ന് മുന്‍ താരം രവിചന്ദ്രന്‍ അശ്വിന്. പരിശീലകന് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അദ്ദേഹത്തിന് നല്കുന്ന പിന്തുണ അദ്ഭുതകരമാണ്.
അതില്‍ സന്തോഷമുണ്ട്. 21 തവണ പൂജ്യത്തിന് പുറത്തായാലും 22-ാം തവണ സഞ്ജുവിന് അവസരം നല്‍കുമെന്ന് ഗംഭീര്‍ പറഞ്ഞതായും അശ്വിന് വെളിപ്പെടുത്തി.
സഞ്ജുവിന് ലഭിക്കുന്ന പിന്തുണയില്‍ ആശ്ചര്യപ്പെടുന്നു, പക്ഷേ അതില്‍ സന്തോഷമുണ്ട്, ഈ പിന്തുണ സന്തോഷകരമായ ഒരു അദ്ഭുതമാണ്. പരിശീലകനും ക്യാപ്റ്റനും അദ്ദേഹത്തിന് നല്കുന്ന പരിഗണന അദ്ഭുതകരമാണ്. ‘ഞങ്ങള്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്’ എന്ന് സൂര്യകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
അത് കാണാനുമുണ്ട്. സഞ്ജു കളിക്കുകയാണെങ്കില്‍, അവന് ഒരു പവര്‍പ്ലേ എന്‍ഫോഴ്സറായിരിക്കണം. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് വീണാല്‍ സഞ്ജു ഇറങ്ങണം,’ -അശ്വിന് പറഞ്ഞു.സഞ്ജുവിനെ അഭിമുഖം ചെയ്തപ്പോള്‍ ഗൗതം ഗംഭീര്‍ പറഞ്ഞ ഒരുകാര്യം അദ്ദേഹം വെളിപ്പെടുത്തി.
21 തവണ പൂജ്യത്തിന് പുറത്തായാലും 22-ാം തവണ മത്സരത്തില്‍ അവസരം നല്‍കുമെന്ന്. അതാണ് ഗംഭീറും സൂര്യകുമാറും അദ്ദേഹത്തിന് നല്കിയ ആത്മവിശ്വാസം. സഞ്ജു ടീമിന് നല്കുന്ന സംഭാവനകളില്‍ ടീം മാനേജ്മെന്റിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് വ്യക്തമാണെന്നും അശ്വിന് പറഞ്ഞു.