ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരെ സഞ്ജു സാംസണ്‍ ഏത് നമ്പറില്‍ ബാറ്റിംഗിനിറങ്ങും എന്ന ആകാംക്ഷ മുറുകിയിരിക്കേ പ്രതികരണവുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക്. സഞ്ജു സാംസണ് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കഴിയുമെന്ന് സിതാൻഷു കോട്ടക് വ്യക്തമാക്കി.

പാകിസ്ഥാനെതിരായ മത്സരത്തിൽ കളിക്കളത്തിന് അപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് ടീമിലാരും ചിന്തിക്കുന്നില്ലെന്നും കോട്ടക് പറഞ്ഞു.ടീം ഇന്ത്യ പാകിസ്ഥാനെതിരായ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. രണ്ടാം മത്സരത്തിലും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ്.

മലയാളി ഓപ്പണറുടെ ബാറ്റിംഗ് ഓർഡറിലെ സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്കകൾക്കും വിമർശനങ്ങൾക്കും ഇന്ത്യൻ ബാറ്റിംഗ് കോച്ച് സിതാൻഷു കോട്ടക് മറുപടി നല്‍കി.ടീം തെരഞ്ഞെടുപ്പിൽ വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങളില്ല. പാകിസ്ഥാനെതിരായ മത്സരത്തിൽ കളിക്കളത്തിന് പുറത്തുനടക്കുന്ന കാര്യങ്ങൾ ടീമിനെ അലട്ടുന്നില്ലെന്നും സിതാൻഷു കോട്ടക് വ്യക്തമാക്കി.

പാകിസ്ഥാനെതിരായ മത്സരം വാശിയേറിയതായിരിക്കും. ഇന്ത്യ- പാകിസ്ഥാന്‍ മത്സരം എക്കാലവും അങ്ങനെയാണ്. അതിനാല്‍ ആ മത്സരത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. ക്രിക്കറ്റല്ലാതെ മറ്റൊന്നും ഇപ്പോള്‍ മനസിലില്ല. ടീമില്‍ താരങ്ങള്‍ ആരുടെ റോളും സ്ഥിരമല്ല.

സ്വന്തം ചുമതലയെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. സാഹചര്യം അനുസരിച്ച് ബാറ്റിംഗിന് ഇറങ്ങുകയാണ് വേണ്ടത്. ഓപ്പണര്‍മാരുടെയും നമ്പര്‍ ത്രീയുടെയും കാര്യത്തില്‍ തീര്‍ച്ചയായും ചില താരങ്ങളുടെ പേര് നമ്മുടെ മനസിലുണ്ടാകും. അതിന് ശേഷം ഏത് താരവും ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സന്നദ്ധമാണ്, അതിനുള്ള ശേഷി അവര്‍ക്കുണ്ട്. അത് ടീമിന് ശുഭ സൂചനയാണ്.

ഫിനിഷര്‍മാരുടെ റോള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരുപിടി താരങ്ങളുള്ളതും ടീമിന്‍റെ പ്രത്യേകതയാണ്’ എന്നും സിതാൻഷു കോട്ടക് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *