ദോഹ: ഇസ്രയേൽ നടത്തുന്ന അതിക്രമങ്ങളിലെ പ്രതികരണങ്ങളിൽ ലോകരാജ്യങ്ങൾ ഇരട്ട നിലപാട് സ്വീകരിക്കരുതെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി. ഖത്തർ വിളിച്ചുചേർത്ത അറബ്, മുസ്ലീം നേതാക്കളുടെ അടിയന്തര ഉച്ചകോടിക്ക് മുന്നോടിയായുള്ള യോഗത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
പലസ്തീൻ ജനതയെ അവരുടെ നാട്ടിൽ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉന്മൂലന യുദ്ധം വിജയിക്കാൻ പോകുന്നില്ലെന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. അറബ്-മുസ്‌ലിം ഉച്ചകോടിയുടെ നിർണായക യോഗം നാളെ നടക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അറബ് രാഷ്ട്ര നേതാക്കൾ ദോഹയിൽ എത്തിച്ചേർന്നിട്ടുണ്ട്.
അടിയന്തര ഉച്ചകോടി നാളെ
ദോഹയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ അടിയന്തര ഉച്ചകോടി നാളെ നടക്കും. ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ ഒരു കൂടിക്കാഴ്ച ദോഹയിൽ നടന്നത്.
ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ ഒന്നിച്ചു നീങ്ങാൻ ലക്ഷ്യമിട്ടുള്ള കരടു പ്രമേയം ഈ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഇത് നാളെ നടക്കുന്ന ഉച്ചകോടിയിൽ അവതരിപ്പിക്കുകയും ചെയ്യും. സൗദി, തുർക്കി, പാകിസ്ഥാൻ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥരും ഇതിനകം ഖത്തറിൽ എത്തിയിട്ടുണ്ട്.