മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ജീത്തു ജോസഫിൽ നിന്നും എപ്പോഴും ദൃശ്യം പോലെയൊരു മികച്ച ത്രില്ലർ സിനിമ പ്രതീക്ഷിക്കാറുണ്ട്.
ഇപ്പോഴിതാ ത്രില്ലർ സിനിമകളുടെ കഥകളാണ് തനിക്ക് ഇപ്പോഴും വരാറുള്ളതെന്ന് പറയുകയാണ് ജീത്തു ജോസഫ്. എന്നാൽ കഥ കേട്ട് കുറച്ച് കാലം കഴിഞ്ഞപ്പോൾ തനിക്ക് മടുപ്പ് ആയെന്നും കഥ കേൾക്കാനായി ഒരു ടീമിനെ വെച്ചുവെന്നും ജീത്തു ജോസഫ് പറയുന്നു.
ത്രില്ലറുകളുടെ ഘോഷയാത്രയാണിപ്പോൾ എന്റെ അടുത്തേക്ക് വരുന്നത്. ഞാൻ ചെയ്ത ത്രില്ലറുകളുടെയും മറ്റ് ത്രില്ലറുകളുടെയും കോമ്പിനേഷൻസ് എല്ലാം കയറി വരും. കഥ കേട്ട് കേട്ട്, കുറച്ചുകാലം കഴിഞ്ഞപ്പോൾ മടുപ്പായി. അതുകഴിഞ്ഞപ്പോൾ ഞാനൊരു ടീമിനെ വച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ അവർക്കും. ഇത് കേട്ട് കഴിയുമ്പോൾ നമുക്ക് മടുപ്പായി പോകും. എന്റെ മോളും അതിനകത്തുണ്ട്. മമ്മൂട്ടിയെ നായകാനാക്കാൻ എനിക്ക് ആഗ്രഹമുണ്ട്. മെമ്മറീസ്, ദൃശ്യം ഇതൊക്കെ അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടു ചെന്നതാണ്.
ദൃശ്യം സത്യം പറഞ്ഞാൽ അദ്ദേഹത്തിന് ചെയ്യണമെന്നുണ്ടായിരുന്നു. പക്ഷേ, ആ സമയത്ത് കുറച്ച് കമ്മിറ്റ്സ്മെന്റും ഉണ്ടായിരുന്നു, അതുപോലെ ഫാദർ റോളുകളും കുറേ ചെയ്തിട്ട് നിൽക്കുകയായിരുന്നു അദ്ദേഹം.
അപ്പോൾ ഒന്നൊര- രണ്ട് വർഷത്തിനുള്ളിൽ നിനക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്തോളാൻ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അദ്ദേഹവുമായി ഒരു സിനിമ ചെയ്യണമെന്ന് എനിക്കും വലിയ ആഗ്രഹമുണ്ട്.
അദ്ദേഹത്തിന് പറ്റുന്ന ഒരു കാരക്ടർ വന്നാൽ തീർച്ചയായും ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് തന്നെ ചെല്ലും.” ജീത്തു ജോസഫ് പറഞ്ഞു.