വാഷിങ്ടൺ : ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപ്. ഖത്തർ അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളിലൊന്നാണെന്നും ഖത്തറിനെതിരെ നീക്കം നടത്തുമ്പോൾ വളരെ ശ്രദ്ധവേണമെന്നും ട്രംപ് തുറന്നടിച്ചു.

ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ കുറിച്ച് ബെഞ്ചമിൻ നെതന്യാഹുവിനോട് എന്താണ്പറയാനുള്ളതെന്ന ചോദ്യത്തിനാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ന്യൂജേഴ്സിയിലെ മോറിസ്റ്റൗൺ എയർപോർട്ടിൽ വെച്ചായിരുന്നു പ്രതികരണം.

അവർ (ഇസ്രയേൽ) വളരെ വളരെ ശ്രദ്ധിക്കണം. ഹമാസിനെതിരെ അവർക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. പക്ഷേ ഖത്തർ, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സഖ്യകക്ഷിയാണ്, പലർക്കും അത് അറിയില്ലെന്ന് തോന്നുന്നുവെന്നായിരുന്നു ട്രംപ് മറുപടി നൽകിയത്.

ഇസ്രായേൽ ദോഹയിൽ ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷം, കഴിഞ്ഞ വെള്ളിയാഴ്ചയാണ് ന്യൂയോർക്കിൽ വെച്ച് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയെ ട്രംപ് അത്താഴത്തിന് അതിഥിയായി സ്വീകരിച്ചിരുന്നു.

അത്താഴ വിരുന്നിന് പിന്നാലെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്. ആക്രമണവുമായി തനിക്ക് ബന്ധമില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കൂടിയായിരുന്നു ട്രംപിന്റെ ഈ നീക്കമെന്നായിരുന്നു പൊതു വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *