വാഷിങ്ടണ്‍: ഇസ്രഈല്‍ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖത്തറില്‍ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉറപ്പുനല്‍കിയതായി ട്രംപ് അവകാശപ്പെട്ടു.ഖത്തര്‍ നല്ലൊരു സഖ്യകക്ഷിയാണെന്നും ഖത്തറുമായുള്ള ബന്ധം നെതന്യാഹു തുടരുക തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.

ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടുള്ള ഇസ്രഈല്‍ ആക്രമണം യു.എസിന്റെ അറിവോടെയെന്ന റിപ്പോര്‍ട്ടുകള്‍ ട്രംപ് നിഷേധിക്കുകയും ചെയ്തു.

എന്നാല്‍ ദോഹയില്‍ ആക്രമണം നടത്തുന്ന വിവരം ഇസ്രഈല്‍ തങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നതായി വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രഈലിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ ട്രംപിന് അവസരമില്ലെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഹമാസ് എവിടെയും സുരക്ഷിതരല്ലെന്നും ഓരോ രാജ്യത്തിനും അതിര്‍ത്തികള്‍ക്കപ്പുറം സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും നെതന്യാഹു പറഞ്ഞു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോക്കൊപ്പം ജെറുസലേമില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു നെതന്യാഹുവിന്റെ പരാമര്‍ശം.

ഗസയില്‍ തടവിലുള്ള മുഴുവന്‍ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു. ഖത്തറിലെ ആക്രമണം സ്വന്തം നിലയില്‍ നടപ്പിലാക്കിയതാണെന്നും നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *