ദുബായ് ∙ ഇസ്രയേലിനെ താക്കീതു ചെയ്ത അറബ് – മുസ്ലിം രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി സമാപിച്ചു. ഖത്തറിന്റെ പരമാധികാരത്തിനുനേരെയുള്ള ഏതു കടന്നാക്രമണവും അറബ് – മുസ്ലിം ലോകത്തിനു നേരെയുള്ള ആക്രമണമായി കാണുമെന്നും ദോഹയിൽ നടന്ന ഉച്ചകോടി വ്യക്തമാക്കി.
കഴിഞ്ഞ 9ന് ഖത്തറിൽ ഹമാസ് നേതാക്കളെ ഉന്നമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 6 പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, ഉച്ചകോടിയിൽ രാജ്യങ്ങൾക്കിടയിലെ അഭിപ്രായഭിന്നതയും വ്യക്തമായി.അതേസമയം, എവിടെയായാലും ഹമാസ് നേതാക്കളെ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.ഇസ്രയേലിനെ പിന്തുണയ്ക്കുമ്പോഴും ഖത്തറിനെതണുപ്പിക്കാനുള്ള നടപടികളിലാണ് അമേരിക്ക.
ഖത്തർ പ്രധാനമന്ത്രിക്കു വിരുന്നൊരുക്കിയതിനു പിന്നാലെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നു ദോഹയിലെത്തും.
ഇസ്രയേലിന്റെ ആക്രമണത്തെ ഭീരുത്വമെന്നും തെമ്മാടിത്തമെന്നുമാണു ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനി ഉച്ചകോടിയിൽ വിശേഷിപ്പിച്ചത്. യോജിച്ചുള്ള പ്രതിരോധസംവിധാനം ഒരുക്കുന്നത് ആലോചിക്കാൻ ഗൾഫ് രാജ്യങ്ങളുടെ സംയുക്ത പ്രതിരോധസമിതി യോഗവും ഉടൻ ദോഹയിൽ ചേരും.