സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ജയിലറിന്റെ രണ്ടാം ഭാഗമാണിത്.

രജിനിയെന്ന താരത്തെ ഏറ്റവും മാക്‌സിമത്തില്‍ അവതരിപ്പിച്ച ജയിലര്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ മുന്നേറ്റമായിരുന്നു നടത്തിയത്.ആദ്യഭാഗത്തെക്കാള്‍ ഗംഭീരമാകും രണ്ടാം ഭാഗമെന്ന് പ്രൊമോയിലൂടെ തന്നെ വ്യക്തമായിരുന്നു.

മാര്‍ച്ചിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ച്. രണ്ടാം ഭാഗത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് കേരളമാണ്. അട്ടപ്പാടിയില്‍ വലിയ സെറ്റിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍.പിന്നീട് ചെന്നൈ, ഗോവ എന്നിവിടങ്ങളിലെ ഷെഡ്യൂളിന് ശേഷം കോഴിക്കോടും ജയിലര്‍ 2വിന്റെ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു.

ഹൈദരബാദിലെ ഷെഡ്യൂളിന് ശേഷം അടുത്ത ഷെഡ്യൂളിനായി ചിത്രത്തിന്റെ ക്രൂ വീണ്ടും കോഴിക്കോടേക്ക് വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാടാണ് ഇത്തവണത്തെ ലൊക്കേഷന്‍. രജിനികാന്തും മോഹന്‍ലാലും തമ്മിലുള്ള സീനുകള്‍ ഇത്തവണ ചിത്രീകരിക്കുന്നത് പാലക്കാടാണ്.

പാലക്കാട് ഷെഡ്യൂളിന് ശേഷം ബാലകൃഷ്ണയുടെ രംഗങ്ങള്‍ക്ക് വേണ്ടി ഹൈദരബാദിലേക്ക് ക്രൂ തിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ട് പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.

2026 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ആദ്യഭാഗത്തെക്കാള്‍ വമ്പന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നത്. ചിത്രത്തില്‍ പ്രധാന വില്ലനായി വേഷമിടുന്നത് എസ്.ജെ. സൂര്യയാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. വര്‍മന് മുകളില്‍ നില്‍ക്കുന്ന വില്ലനെ സൃഷ്ടിക്കുക എന്നത് നെല്‍സണ് വലിയ വെല്ലുവിളിയാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഒരുപിടി മലയാള താരങ്ങളും ജയിലര്‍ 2വിന്റെ ഭാഗമാകുന്നുണ്ട്.സുരാജ് വെഞ്ഞാറമൂട്, സുജിത്ത് ശങ്കര്‍, വിനീത് തട്ടില്‍, അന്ന രാജന്‍, സുനില്‍ സുഖദ, കോട്ടയം നസീര്‍, ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ് എന്നിവരാണ് രണ്ടാം ഭാഗത്തില് വേഷമിടുന്നത്.

രമ്യ കൃഷ്ണന്‍, യോഗി ബാബു, ശിവ രാജ്കുമാര്‍, ജാക്കി ഷ്‌റോഫ് എന്നിവരും ജയിലര്‍ 2വിലുണ്ടെന്ന് സംവിധായകന്‍ അടുത്തിടെ അറിയിച്ചിരുന്നു. മുത്തുവേല്‍ പാണ്ഡ്യന്റെ രണ്ടാം വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Leave a Reply

Your email address will not be published. Required fields are marked *