ഗാസ: ഗാസയിൽ എല്ലാ മുന്നറിയിപ്പുകളും മറികടന്ന് ഇസ്രായേൽ കരയാക്രമണം ശക്തമാക്കിയതോടെ എങ്ങും ചോരക്കളമാണ്. കുരുതിക്കളമായി മാറിയ ഗാസയിൽ സമാധാനം പുലരാൻ ഇനി നിർണായകം ഫ്രാൻസും സൗദിയും ചേർന്നു നയിക്കുന്ന അടുത്ത യോഗമാണ്.
ഈ മാസം 22 ന് നടക്കാനിരിക്കുന്ന യോഗത്തിൽ കൂടുതൽ അന്താരാഷ്ട്ര പിന്തുണ പ്രതീക്ഷിക്കുന്നു. ഗാസയിൽ നിന്ന് പിൻവാങ്ങണമെന്ന അറബ് – ഇസ്ലാമിക് ഉച്ചകോടിയുടെ കൂട്ടായ മുന്നറിയിപ്പും മറികടന്നാണ് ഗാസയിൽ ഇസ്രയേലിന്‍റെ വെല്ലുവിളി നീക്കം.
ഇതോടെ അറബ് – ഇസ്ലാമിക് കൂട്ടായ്മയുടെ അടുത്ത നടപടി എന്താകുമെന്നത് പ്രധാനമാണ്. ആരൊക്കെ ഉപരോധിച്ചാലും എല്ലാം തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെല്ലുവിളി നടത്തിയത്. ഇതിന് തൊട്ടു പിന്നാലെയാണ് ഗസയിൽ പൂർവാധികം ശക്തിയിൽ കരയാക്രമണം തുടങ്ങിയത്.
മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ള ആഗോള സമ്മർദം ഉള്ളപ്പോഴാണ് ഇസ്രയേൽ അതിശക്ത കരയാക്രമണം തുടങ്ങിയത് എന്നതാണ് ഏവരെയും ഞെട്ടിക്കുന്ന്. അമേരിക്കയുടെ പിന്തുണ തങ്ങൾക്കുണ്ട് എന്നതാണ് നെതന്യാഹു തുറന്നു തന്നെ അവകാശപ്പെടുന്നത്.
ഇസ്രയേലിലെ ചർച്ച പൂർത്തിയാക്കിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉടൻ തന്നെ ദോഹയിൽ എത്തുന്നുണ്ട്. 22 നാണ് ഇരു രാഷ്ട്ര പരിഹാരം തേടി ഫ്രാൻസ് – സൗദി നയിക്കുന്ന അടുത്ത സമ്മേളനം. യു എന്നിൽ വലിയ പിന്തുണ ഇതിനോടകം ഈ നീക്കത്തിന് ഉണ്ട്.
കൂടുതൽ രാഷ്ട്രങ്ങളെ അണി നിരത്താൻ കഴിഞ്ഞാൽ അത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ഇസ്ലാമിക് ഉച്ചകോടിയും തീരുമാനിച്ചിട്ടുണ്ട്. സാധ്യമായ വഴികളിൽ എല്ലാം പലസ്തീനിൽ ആക്രമണം നടത്തുന്നവരെ നിയമത്തിന് മുന്നിൽ എത്തിക്കാനും അറബ് – ഇസ്ലാമിക് ഉച്ചകോടി തീരുമാനിച്ചിട്ടുണ്ട്.