ഗാസ: പലസ്തീനിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം കടുപ്പിച്ച് ഇസ്രയേൽ. കരയാക്രമണം കൂടി ആരംഭിച്ചതോടെ ഗാസ മുനമ്പ് കത്തുകയാണ്. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75ആയി എന്നാണ് റിപ്പോര്‍ട്ട്.

ഗാസയിലുള്ള 3000 ഹമാസ് പോരാളികളെ ഇല്ലാതാക്കാൻ കൂടുതൽ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേൽ നീക്കം. ഇസ്രയേൽ തീമഴ പെയ്യിക്കുമ്പോൾ പലായനത്തിന് പോലും വഴിയില്ലാതെ പരക്കം പായുന്ന ജനം.

ഒഴിഞ്ഞു പോകാൻ ഇസ്രയേൽ അനുവദിച്ച അൽ റഷീദ് പാതയിൽ നടന്ന് നീങ്ങാൻ പോലും സാധ്യമാവാത്തത്ര തിരക്കാണ്.നഗരം പിടിച്ചെടുക്കാൻ ഒടുവിൽ ഇസ്രയേൽ കരയുദ്ധം കൂടി തുടങ്ങിയതോടെ ഗാസ കത്തുകയാണ്. സ്കൂളുകൾ, ആശുപത്രികൾ, വീടുകൾ എല്ലാം ആക്രമണത്തില്‍ വെണ്ണീറാകുന്നു. മുന്നിലുള്ളത് എല്ലാ സീമകളും ലംഘിച്ചുള്ള മനുഷ്യകുരുതി. ഓട്ടത്തിന് ഇടയിലും വീണ് പോകുന്നു ചിലർ.

മരണത്തെ പേടിച്ച് മരണത്തിലേക്ക് ഓടി അടുക്കുന്ന ജനത. ആയുധങ്ങൾ കൊണ്ട് മാത്രമല്ല കുരുതി, പട്ടിണിക്കിട്ട് കുഞ്ഞുങ്ങളോട് കൊല്ലാക്കൊലയാണ് ഗാസയില്‍ നടക്കുന്നത്. ഭക്ഷണം കിട്ടാതെ മരിച്ചവരുടെ എണ്ണം 428 കടന്നു. പലസ്തീനികളെ ഇസ്രയേൽ വംശഹത്യ ചെയ്യുന്നു എന്ന യുഎൻ പ്രതികരണമാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്.

യുകെയും ജർമ്മനിയും ഇറ്റലിയും ആക്രമണത്തെ അപലപിക്കുമ്പോഴും ഹമാസിനെ കൂടെ കൂട്ടുമ്പോൾ സമാധാന ചർച്ച സാധ്യമല്ലെന്ന മാർക്കോ റൂബിയയുടെ പ്രതികരണം ഇസ്രയേലിന് അമേരിക്കയുടെ മൗനസമ്മതമാണ്. ഇനിയും സൈന്യത്തെ വിന്യസിക്കാനാണ് ഇസ്രയേൽ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *