തിരുവനന്തപുരം: എ.കെ.ആന്റണിയുടെ കാലത്തെ ശിവഗിരി പൊലീസ് ആക്ഷനെ ചൊല്ലി നിലവിലുള്ള മഠം ഭരണസമിതി രണ്ട് തട്ടില്‍. ആന്റണിയെ പിന്തുണച്ച് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ രംഗത്തെത്തി. അന്നത്തെ സര്‍ക്കാര്‍ ശിവഗിരിയെ സഹായിക്കുകയാണ് ചെയ്തത്. പൊലീസ് നടപടി അനിവാര്യമായിരുന്നു. മറ്റൊരു മാര്‍ഗവുമില്ലാതായതോടെയാണ് പൊലീസ് നടപടിയും ഉണ്ടായതെന്നും അന്ന് പ്രകാശാനന്ദ പക്ഷത്ത് ഉണ്ടായിരുന്ന സച്ചിദാനന്ദ പറഞ്ഞു.

ചില രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്നു. ശിവഗിരിക്ക് ദോഷം വരും എന്ന് കള്ള പ്രചരണം നടത്തി. മറ്റൊരു മാര്‍ഗവുമില്ലാതായതോടെയാണ് പൊലീസ് നടപടിയുണ്ടായത്. സഭയിലെ ചര്‍ച്ചയുമായി ബന്ധപ്പെട്ട് രാഷ്ട്രീയം പറയാന്‍ ഇല്ലെന്നും ശിവഗിരിയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും മഠാധിപതി ആവശ്യപ്പെട്ടു.

പൊലീസ് നടപടിയില്‍ ഗുരുദേവ പ്രതിമ തകര്‍ന്നെ വാദം തെറ്റാണെന്നും ഫോട്ടോ എടുക്കാനായി ആരോ ബോധപൂര്‍വം ഉണ്ടാക്കിയ കഥയാണതെന്നും അദ്ദേഹം പറഞ്ഞു.മഠാധിപതിയില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വീകരിച്ചത്.

എ.കെ ആന്റണി ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ചിട്ട് ഒരു കാര്യവുമില്ല.അന്ന് നടന്നത് നരനായാട്ടാണ്. ഇപ്പോഴത്തെ ഖേദപ്രകടനത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. നിയമവാഴ്ച നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെങ്കിലും അതിനു പല വഴികള്‍ വേറെയുമുണ്ടായിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിട്ടില്ലെന്നും ശിവഗിരിക്ക് ഏറ്റ മുറിവുണക്കാന്‍ കഴിയില്ലെന്നും സ്വാമി ശുഭാംഗാനന്ദ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *