പൂർണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ ശാസ്ത്രനിരീക്ഷകർ ഒന്നടങ്കം കാത്തിരുന്ന സൂര്യഗ്രഹണവും എത്തുന്നു. ഈ വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണത്തിന് നാളെ ലോകം സാക്ഷിയാവും. ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം കൂടിയാണ് ഇത്.
ആകാശത്ത് ഏതാനും മണിക്കൂറുകൾ മാത്രം ദൃശ്യമാകുന്ന സൂര്യഗ്രഹണം സെപ്റ്റംബർ 21, 22 തീയതികളിലാണ് (ഞായർ, തിങ്കൾ) നടക്കുക.ഭൂമിക്കും സൂര്യനും ഇടയിലുള്ള ചന്ദ്രന്‍റെ ചലനം മൂലമുണ്ടാകുന്നതാണ് സൂര്യഗ്രഹണം. പൂർണ ഗ്രഹണമായിരിക്കില്ലെങ്കിലും ആഴത്തിലുള്ള ഭാഗിക ഗ്രഹണമാണ് നടക്കുക.
സൂര്യന്റെ 86 % ഭാഗം വരെ ഗ്രഹണസമയത്ത് ചന്ദ്രൻ മൂടും., ഗ്രഹണം മണിക്കൂറുകളോളം നീണ്ടുനിൽക്കും. അന്താരാഷ്ട്ര സമയക്രമം (UTC) 17:29ന് (ഇന്ത്യയില്‍ സെപ്റ്റംബർ 21 രാത്രി 10.59) ആരംഭിക്കുന്ന ഗ്രഹണം 19:41ന് (ഇന്ത്യയില്‍ സെപ്റ്റംബർ 22 ,1:11 am) ഉച്ചസ്ഥായിയിലെത്തും. 21:53ന് (ഇന്ത്യയില്‍ സെപ്റ്റംബർ 22, 3:23 am) അവസാനിക്കുകയും ചെയ്യും.