ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യന്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട് ബോളിവുഡ് ചിത്രം ഹോംബൗണ്ട്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടിയ ചിത്രമാണ് ഇത്തവണ ഇന്ത്യ അക്കാദമി അവാര്‍ഡിന് അയക്കുന്നത്.
24 ചിത്രങ്ങളുണ്ടായിരുന്ന പട്ടികയില്‍ ജൂറി ഐക്യകണ്‌ഠേനയാണ് ഹോംബൗണ്ടിനെ തെരഞ്ഞെടുത്തത്. എന്‍ട്രിക്കായി സമര്‍പ്പിച്ച ലിസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഒരൊറ്റ മലയാള ചിത്രം പോലും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.വിവേക് അഗ്നിഹോത്രി ചെയ്ത ദി ബംഗാള്‍ ഫയല്‍സ്, തെലുങ്ക് ചിത്രങ്ങളായ കണ്ണപ്പ, പുഷ്പ 2, സംക്രാന്തികി വസ്തുന്നാം, കുബേര എന്നിവ ഓസ്‌കര്‍ എന്‍ട്രിക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചത് സിനിമാപ്രേമികളെ ഞെട്ടിച്ചു.
കലാപരമായി യാതൊരു ഗുണവുമില്ലാത്ത ഈ സിനിമകള്‍ എങ്ങനെ ലിസ്റ്റില്‍ ഇടം നേടിയെന്നാണ് പലരും ചോദിക്കുന്നത്.ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ഐ വാണ്ട് ടു ടോക്ക്, മറാത്തി ചിത്രം ആതാ തംബാച്ചേ ന്യായ്, ഹിന്ദി ചിത്രം ഫുലേ, എന്നിവയും ജൂറിക്ക് പരിഗണിക്കാമായിരുന്നെന്നും ഒരുകൂട്ടം സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നുണ്ട്.
മികച്ച സിനിമകള്‍ റിലീസാകുന്ന മലയാളത്തെ പൂര്‍ണമായും അവഗണിച്ചതിനെതിരെയും ചിലര്‍ പ്രതിഷേധം രേഖപ്പെടുത്തി.