തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയ ജലാശയങ്ങളിൽ മുങ്ങി കുളിക്കരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തണം.
ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു രജിസ്റ്ററിൽ നടത്തിപ്പുകാർ രേഖപ്പെടുത്തണം. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരോ ആവശ്യപ്പെട്ടാൽ രേഖകൾ ഹാജരാക്കണം. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജല സംഭരണികളിലും ക്ലോറിനേഷൻ നടത്തണം.
ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്ന എല്ലാത്തരം ദ്രവമാലിന്യ കുഴലുകളും ഒഴിവാക്കണം. ജലസ്രോതസ്സുകളിൽ ഖര മാലിന്യം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് പബ്ലിക് ഹെൽത്ത് ഓഫീസർമാരും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണം.