സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിലെ ടോപ് ത്രീയില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്നും അത് സൂര്യകുമാര്‍ യാദവിന്റെ സ്ഥാനമാണെന്നും മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
ഒമാനെതിരെ റണ്‍സ് എടുത്തത് കൊണ്ട് മാത്രമാണ് പാകിസ്ഥാനെതിരെ അഞ്ചാം സ്ഥാനത്തെങ്കിലും ബാറ്റ് ചെയ്യാന്‍ കഴിഞ്ഞതെന്നും മുമ്പ് ഒമാന്‍ ആയതുകൊണ്ട് മാത്രമാണ് സഞ്ജുവിന് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.ശുഭ്മന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തീരുമാനിച്ചതോടെ തന്നെ സഞ്ജു സാംസണിന്റെ ഭാവി നിങ്ങള്‍ തീരുമാനിച്ചു.
അവന് ഇനി ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്തേക്കില്ല. അവിടെയാണ് സഞ്ജു കൂടുതല്‍ റണ്‍സ് എടുക്കാറുള്ളത്. അത് സൂര്യയുടെ സ്ഥാനമാണ്.കഴിഞ്ഞ ദിവസം സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെതിരെ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തിയ താരം വെറും 13 റണ്‍സ് എടുത്താണ് മടങ്ങിയത്. 17 പന്തുകള്‍ നേരിട്ടായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ചോപ്രയുടെ പ്രതികരണം.അതേസമയം, ഇന്ത്യ ഈ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു.
ആറ് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഉയര്‍ത്തിയ 172 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ സംഘം ഏഴ് പന്തുകള്‍ ബാക്കി നില്‍ക്കെ ഇത് മറികടക്കുകയായിരുന്നു.
39 പന്തില്‍ 74 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെയും 28 പന്തില്‍ 47 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലിന്റെയും മികവിലാണ് ഇന്ത്യ വിജയിച്ച് കയറിയത്. ഇവർക്ക് പുറമെ, തിലക് 19 പന്തിൽ പുറത്താവാതെ 30 റൺസും സ്കോർ ബോർഡിലേക്ക് ചേർത്തു
